കനത്ത മഴയും മണ്ണിടിച്ചിലും: മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി

By Web TeamFirst Published Aug 20, 2019, 11:59 AM IST
Highlights

സനലും മഞ്ജുവും അടക്കം സംഘത്തിൽ 30 പേരാണുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പുറത്തേക്ക് പോകാനുള്ള റോഡ് തകര്‍ന്നതിനാല്‍ ഇവര്‍ ഒറ്റപ്പെട്ട നിലയില്‍. ഭക്ഷണത്തിനും ക്ഷാമം നേരിടുന്നു. 

മണാലി: സനല്‍കുമാര്‍ ശശീധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ നടി മഞ്ജുവാര്യരും സംഘവും പ്രളയത്തെ തുടര്‍ന്ന് കുടുങ്ങു. കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. 

സനലും മഞ്ജുവും അടക്കം സംഘത്തിൽ 30 പേരാണുള്ളത്. കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈയില്‍ ഉള്ളതെന്നാണ് വിവരമെന്ന് മഞ്ജുവാര്യരുടെ സഹോദരന്‍ മധു വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏതോ സാറ്റലൈറ്റ് ഫോണില്‍ നിന്നാണ് ഇന്നലെ രാത്രി മഞ്ജു ബന്ധപ്പെട്ടത്. അവിടെ ഇപ്പോഴും ശക്തമായ മഴ തുടരുകയാണെന്നാണ് മഞ്ജു പറഞ്ഞത്. ഷൂട്ടിംഗ് സംഘത്തെ കൂടാതെ രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നുമെത്തിയ വിനോദസഞ്ചാരികളടക്കം ഏതാണ് ഇരുന്നൂറോളം പേര്‍ ഇപ്പോള്‍ ഛത്രുവില്‍ കുടുങ്ങി കിടപ്പുണ്ടെന്നും ഇവരെല്ലാം സുരക്ഷിതമായി ഒരു സ്ഥലത്ത് തുടരുകയാണെന്നും  മധു വാര്യര്‍ പറയുന്നു. 

അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ ഷിംലയില്‍ നിന്നും 330 കിമീ ദൂരെയാണ് ഛത്രു എന്ന  പ്രദേശം സ്ഥിതി ചെയ്യുന്നത്.

ഹിമാലയന്‍ താഴ്വരയിലെ ഒരു ക്യാംപിംഗ് സൈറ്റാണ് ഛത്രു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ്വര്‍ക്കോ ലഭ്യമല്ല. മഞ്ജുവാര്യര്‍ അടക്കമുള്ള ഷൂട്ടിംഗ് സംഘം ഇവിടെ ടെന്‍റുകളിലായാണ് താമസിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കനത്ത മഴയും മഞ്ഞുവീഴ്ചയും മേഖലയില്‍ ആരംഭിച്ചതെന്നാണ് അറിയുന്നത്. 

പോയ ദിവസങ്ങളില്‍ കനത്ത മഴയാണ് ഈ മേഖലയില്‍ പെയ്തത്. ഇതേ തുടര്‍ന്ന് ഇവിടേക്കുള്ള റോഡുകളും തകരുകയും മഞ്ഞു മൂടുകയും ചെയ്ത അവസ്ഥയിലാണ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം കൂടിയാണ് ഛത്രു. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കുന്നതടക്കമുള്ള സാധ്യതകളും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് സൂചന. റോഡ് മാര്‍ഗ്ഗം കുടുങ്ങിപോയവരെ പുറത്ത് എത്തിക്കുക സാധ്യമല്ലാത്തതിനാല്‍ വ്യോമമാര്‍ഗ്ഗം എയര്‍ലിഫ്റ്റ് ചെയ്യുക എന്ന സാധ്യതയാണ് പരിഗണനയിലെന്നും സൂചനയുണ്ട്. 

click me!