
ചെന്നൈ: നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ താൻ എന്താണ് തെറ്റ് ചെയ്തതെന്നും മാപ്പ് പറയേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ നിലപാട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന സംഭവവും ഉണ്ടായി. ഏറ്റവുമൊടുവിൽ കോടതിയിൽ നിന്നുള്ള വിമർശനവും പൊലീസിന് മുന്നിലെത്തി മൊഴി നൽകുകയും ചെയ്തതിന് ശേഷമാണ് ഇപ്പോൾ വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. ഇതിൽ താൻ പരസ്യമായി മാപ്പ് പറയുന്നു എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്.
ഏതാനും നാളുകൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.
തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
"മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്", എന്നാണ് തൃഷ കുറിച്ചത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ