പരസ്യ മേഖലയിലെ പ്രമുഖനായ വേണുഗോപാല്‍ ആര്‍, നടന്‍ മോഹന്‍ലാലിന്‍റെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള തന്‍റെ അനുഭവം പങ്കുവെക്കുന്നു

തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുന്നവരാണ് സിനിമാ താരങ്ങള്‍. സിനിമാഭിനയം മാത്രമല്ല ടെലിവിഷന്‍ പരിപാടികളും പൊതുപരിപാടികളും സ്റ്റേജ് ഷോകളും പരസ്യചിത്രങ്ങളിലെ അഭിനയവുമൊക്കെ അവര്‍ക്ക് ചെയ്യാനുണ്ടാവും. ഏറ്റെടുത്തിടങ്ങളിലെല്ലാം ഓടിയെത്താന്‍ കഷ്ടപ്പെടുമ്പോള്‍ ചിലര്‍ വൈകും. എന്നാല്‍ മറ്റ് ചിലരാവട്ടെ ഏത് സമ്മര്‍ദ്ദ സാഹചര്യത്തിലും കൃത്യനിഷ്ഠയോടെ എത്തുകയും ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തീകരിക്കുകയും ചെയ്യും. അതിലൊരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ കൃത്യനിഷ്ഠയെക്കുറിച്ചും കഥാപാത്രമായി മാറുന്നതിന്‍റെ സ്വാഭാവികതയെക്കുറിച്ചുമൊക്കെ പല സഹപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊത്തുള്ള തന്‍റെ ഒരു പുതിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് പരസ്യ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ വേണുഗോപാല്‍ ആര്‍.

മോഹന്‍ലാല്‍ പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഒരു ചിത്രീകരണത്തിന്‍റെ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. യൂറോപ്യന്‍ ടൂര്‍ കഴിഞ്ഞുവന്ന് അദ്ദേഹം അഭിനയിച്ച പരസ്യചിത്രമാണ് ഇത്. ഇത്രയും നീണ്ട യാത്രയുടെ എല്ലാ ക്ഷീണത്തോടെയുമാണ് അദ്ദേഹം വന്നതെങ്കിലും അതൊന്നും പ്രതിഫലിക്കാതെ ക്യാമറയുടെ മുന്നില്‍ അദ്ദേഹം പെര്‍ഫോം ചെയ്തെന്ന് വേണുഗോപാല്‍ കുറിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വേണുഗോപാലിന്‍റെ കുറിപ്പ്. “അങ്ങേയറ്റം ക്ഷീണിതനായിരുന്നു ലാല്‍ സാര്‍. ഒപ്പം ജെറ്റ് ലാഗും ഉണ്ടായിരുന്നു. ജര്‍മനിയിലും അയര്‍ലന്‍ഡിലും യുകെയിലുമായി നടന്ന ടൂറിന് ശേഷം എത്തിയ അദ്ദേഹത്തിന് വിശ്രമം ആവശ്യമായിരുന്നു. എന്നാല്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് എപ്പോഴും തങ്ങളുടെ ആഗ്രഹങ്ങള്‍ നടക്കാറില്ല. ക്യാമറ ഓണ്‍ ആയപ്പോള്‍ മുന്നില്‍ യാത്രയില്‍ ക്ഷീണിതനായ മോഹന്‍ലാല്‍ ആയിരുന്നില്ല. അദ്ദേഹം ആ കഥാപാത്രമായി മാറി. തിരക്കഥ ആവശ്യപ്പെടുന്നതെന്തോ, സംവിധായകന്‍ മനസില്‍ കണ്ടതെന്തോ അതായി അദ്ദേഹം മാറി”, വേണുഗോപാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മൈത്രി അഡ്വര്‍ടൈസിംഗിന്‍റെ ക്രിയേറ്റീവ് ഹെഡ് ആണ് വേണുഗോപാല്‍.

മോഹന്‍ലാല്‍ ലൈവ്: ബിയോണ്ട് ദി സ്ക്രീന്‍ എന്ന പേരില്‍ നടന്ന യൂറോപ്യന്‍ ടൂര്‍ വന്‍ വിജയമായിരുന്നു. ഷോയില്‍ നിന്നുള്ള പല രംഗങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന്‍ മുഹമ്മദ്, സാനിയ ഇയ്യപ്പന്‍, വിധു പ്രതാപ്, മനോജ് ജോര്‍ജ്, അഞ്ജു ജോസഫ് എന്നിവരും ഷോയില്‍ പങ്കെടുത്തിരുന്നു. കിലുക്കം 25 എന്ന പേരില്‍ ഏപ്രിലില്‍ യുഎസിലും മോഹന്‍ലാലും സംഘവും ഷോകള്‍ നടത്തിയിരുന്നു. ഇതും വലിയ ജനപ്രീതി നേടിയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming