ഒഴുക്ക് നിലച്ചില്ല, മായാനദി വീണ്ടുമെത്തുന്നു

By Web deskFirst Published Jul 19, 2018, 11:43 PM IST
Highlights
  • ചുരുക്കം തീയറ്ററുകളിലാണ് റീ റിലീസ്

തിരുവനന്തപുരം: മാത്തനും അപ്പുവും തമ്മിലുള്ള പ്രണയത്തിന്‍റെ ഒഴുക്ക് മലയാളികളെ പുത്തന്‍ അനുഭവത്തിലേക്ക് കൊണ്ട് പോയപ്പോള്‍ ആഷിക് അബു സംവിധാനം ചെയ്ത മായാനദി തീയറ്ററില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ്. ആഷിക്കും സന്തോഷ് ടി. കുരുവിളയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ കഥ ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തയാറാക്കിയത്.

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും മാത്തനും അപ്പുവുമായി ജീവിച്ചപ്പോള്‍ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും മികച്ച തീയറ്റര്‍ അനുഭവങ്ങളിലൊന്നായി മാറാനും മായാനദിക്ക് സാധിച്ചു. ചിത്രത്തിന്‍റെ ഡിവിഡി,വിസി‍ഡി റിലീസ് ചെയ്തതോടെ പോസിറ്റീവായും നെഗറ്റീവായും വിലയിരുത്തി ഒരുപാട് പേര്‍ ഈ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍, മലയാളി മനസിലേക്ക് ഒഴുകിയ മായാനദി വീണ്ടും തീയറ്ററുകളെ പ്രണയ നദിയാക്കാന്‍ എത്തുകയാണ്. സംവിധായകന്‍ ആഷിക് അബു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കൂടെ അറിയിച്ചത്. ഏഴു തീയറ്ററുകളിലാണ് ഇന്ന് മുതല്‍ മായാനദിയുടെ റീ റിലീസ്. കൂടുതല്‍ തീയറ്ററുകള്‍ക്കായി ശ്രമിക്കുകയാണെന്നും ആഷിക് കുറിച്ചു. 

 

click me!