മൈക്കിള്‍ ജാക്സന്‍റെ മരണം: പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

By Web DeskFirst Published May 8, 2017, 8:12 AM IST
Highlights

മെല്‍ബണ്‍:  മരിക്കുന്നതിന് മുന്‍പ് മൈക്കിള്‍ ജാക്സന്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചയാകുന്നു. താന്‍ കൊല്ലപ്പെടും എന്ന് മൈക്കിള്‍ പറയുന്ന കുറിപ്പുകള്‍ ജര്‍മ്മന്‍ വ്യവസായിയും മൈക്കിളിന്‍റെ സുഹൃത്തുമായ ജേക്കബ്ഷാഗന് കൈമാറിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍. ഇക്കാര്യം ഭയന്ന്  ജാക്‌സന്‍ തന്നെ പലപ്പോഴും വിളിച്ചിരുന്നതായും കരയുകയും മറ്റും ചെയ്തിരുന്നതായും ഒരു ഓസ്ട്രിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് ഷാഗന്‍ വ്യക്തമാക്കി.

2009 ല്‍ ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചതാണ് മൈക്കല്‍ ജാക്‌സന്റെ മരണകാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ജാക്‌സന്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് മകള്‍ പാരീസിന്റെയും സഹോദരി ലാ ടോയയുടേയും അഭിപ്രായം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് താന്‍ വധിക്കപ്പെടുമെന്ന് ഭയന്ന് ജാക്‌സന്‍ സുഹൃത്തിന് കുറിപ്പടി കൈമാറിയത്.

 ''അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ജീവനില്‍ ഭീതിയുണ്ട്.'' എന്ന് കുറിച്ച 13 സന്ദേശങ്ങളാണ് ജാക്‌സന്‍ നല്‍കിയത്.  ലണ്ടന്‍ പര്യടനത്തിനൊരുങ്ങുന്ന സമയത്ത് ഒരിക്കല്‍ ലാസ്‌വേഗാസില്‍ നിന്നും തന്നെ വിളിച്ച ജാക്‌സണ്‍ അവര്‍ തന്നെ കൊലുമെന്നും തനിക്കൊപ്പം കഴിയാന്‍ ജര്‍മ്മനിയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറാന്‍ യാചിക്കുകയും ചെയ്തു. 

അവര്‍ എന്നെ കൊല്ലാന്‍ പോകുന്നു എന്ന് നെഞ്ചുരുകിയായിരുന്നു ജാക്‌സന്‍ പറഞ്ഞത്. അമേരിക്കയില്‍ മൂന്ന് ദിവസം ജാക്‌സനുമായി ചെലവിടുന്നതിനിടയിലാണ് കുറിപ്പുകള്‍ കൈമാറിയത്.   അതേസമയം അവര്‍ ആരാണെന്ന് ജാക്‌സന്‍ സൂചന നല്‍കിയിരുന്നുമില്ല. എന്നാല്‍ ചില കുറിപ്പുകള്‍ അത് ജാക്‌സന്റെ ലണ്ടന്‍ പരിപാടികളുടെ പ്രമോട്ടര്‍മാരായ എഇജി ആണെന്ന സംശയം നല്‍കുന്നുണ്ട്. 

തനിക്ക് എഇജി സമ്മര്‍ദ്ദമുണ്ടാക്കുന്നു. ജീവനില്‍ കൊതിയുണ്ടെന്ന് ഇതില്‍ ഒരെണ്ണം പറയുന്നുണ്ട്. അതേസമയം ജാക്‌സന്റെ മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഉറങ്ങാനുള്ള മരുന്ന് അമിതമായി കഴിച്ചത് മൂലമാണെന്നാണ് പറഞ്ഞിരിക്കുന്നത്. മരുന്നു നല്‍കിയ ഡോക്ടര്‍ കോണ്‍റാഡ് മുറേയ്ക്ക് ഇതിന് നാലു വര്‍ഷം ജയില്‍ശിക്ഷയും കിട്ടി. 

ജാക്‌സന്റെ ചരമവാര്‍ഷികമായ അടുത്തമാസം ഈ അഭിമുഖം അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചാനല്‍ സംപ്രേഷണം ചെയ്യും. 34 കാരനായ ഷാഗണ് ജാക്‌സനുമായി ഇരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു.
 

click me!