ആവേശം' എന്ന ഹിറ്റിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സൂര്യയെ നായകനാക്കി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്

ആവേശം സംവിധായകന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം, അതും സൂര്യ നായകനാവുന്ന ചിത്രം. സൂര്യ 47 എന്ന് താല്‍ക്കാലികമായി ടൈറ്റില്‍ നല്‍കിയിരിക്കുന്ന സൂര്യയുടെ കരിയറിലെ 47-ാം ചിത്രം ഒട്ടേറെ കൗതുകങ്ങളുമായാണ് എത്തുന്നത്. ജിത്തു മാധവന്‍റെ മാത്രം തമിഴ് അരങ്ങേറ്റമല്ല ചിത്രം, മറിച്ച് നസ്‍ലെന്‍റെയും ജിത്തു മാധവന്‍റെയും ഒക്കെയാണ്. ഇവര്‍ക്കൊപ്പം നസ്രിയ നസീമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത് ഏത് തരത്തിലുള്ള ചിത്രമാണെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുകയാണ് ജിത്തു മാധവന്‍.

ഒരു മലയാളം സിനിമയായിട്ടാണോ അതോ തമിഴ് സിനിമയായിട്ടാണോ സൂര്യ 47 നെ സമീപിക്കുന്നത് എന്ന ചോദ്യത്തിന് ഒരു തമിഴ് സിനിമയായിട്ടാണ് എന്നായിരുന്നു ജിത്തു മാധവന്‍റെ മറുപടി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവേശം 2 നെക്കുറിച്ചുള്ള ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നു എന്നായിരുന്നു പ്രതികരണം. കൊച്ചി വിമാനത്താവളത്തില്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സംവിധായകന്‍. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ആവേശം സംവിധായകന്‍റെ സൂര്യ ചിത്രം എന്ന നിലയില്‍ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

അതേസമയം നെറ്റ്ഫ്ലിക്സിനാണ് സൂര്യ 47 ന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ്. ഒറ്റ വാചകത്തില്‍ നേരത്തെ ചിത്രത്തിന്‍റെ കഥാപരിസരത്തെ നെറ്റ്ഫ്ലിക്സ് ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു- ഗൗരവമുള്ള ഒരു ക്രൈമിന്‍റെ അന്വേഷണം, അത്ര ​ഗൗരവമില്ലാത്ത സംഘത്തിനൊപ്പം എന്നായിരുന്നു ആ വാചകം. രോമാഞ്ചവും ആവേശവും ഒരുക്കിയ ജിത്തു മാധവനില്‍ നിന്ന് ഒരു ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming