'മിഡ്‍നൈറ്റ് റണ്‍' അഥവാ ഹിംസയുടെ ഒരു ലഘുആഖ്യാനം

By നിര്‍മല്‍ സുധാകരന്‍First Published Jul 23, 2018, 6:49 PM IST
Highlights
  • ഐഡിഎസ്എഫ്എഫ്കെയില്‍ പ്രീമിയര്‍ പ്രദര്‍ശനം കഴിഞ്ഞ ചിത്രം ഹംഗറിയില്‍ നടക്കുന്ന സെവന്‍ഹില്‍സ് അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

നെടുമ്പാതയില്‍ ഒരു ലോറി, ഒരുത്സവ രാത്രിയില്‍ തൊഴിലിടത്തില്‍ നിന്നും മടങ്ങുന്ന ആണ്‍കുട്ടി, അവരുടെ ഒരുമിച്ചുള്ള യാത്ര, ലോറിയുടെ ഗിയറുകള്‍ മാറുന്തോറും സ്വഭാവത്തില്‍ വ്യത്യാസം വരുന്ന ഡ്രൈവര്‍. വാഹനത്തിന്‍റെ ഹെഡ്‍ലൈറ്റിന്‍റെ വെളിച്ചത്തില്‍ തെളിയുന്നിടം മാത്രം അടുത്ത നിമിഷമായി എണ്ണപ്പെടുന്ന ആഖ്യാനത്തിന്‍റെ കേന്ദ്രം മനുഷ്യന്‍റെ ഹിംസ തന്നെ. ഹ്രസ്വചിത്രം എന്നത്, ആഖ്യാനരീതിയിലുള്‍പ്പെടെ ഫീച്ചര്‍ സിനിമയുടെ മുറിച്ചുവച്ച കഷ്‍ണമായി പരിഗണിക്കപ്പെടുന്നൊരിടത്ത് അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ ശ്രമം. വേണമെങ്കില്‍ സമയം ദീര്‍ഘിപ്പിച്ച് ഒരു വലിയ ചിത്രമായിപ്പോലും വിടര്‍ത്താവുന്ന കഥാതന്തുവെങ്കിലും അതിനെ ഒരു ഷോര്‍ട്ട്‍ഫിലിം ഭാഷയില്‍ തന്നെ പരിചരിച്ചിട്ടുണ്ട് രമ്യ രാജ്, ഐഡിഎസ്എഫ്എഫ്കെയില്‍ ആദ്യ പ്രദര്‍ശനം നടന്ന തന്‍റെ 'മിഡ്‍നൈറ്റ് റണ്‍' എന്ന ഷോര്‍ട്ട് ഫിലിമില്‍.

പൊളിറ്റിക്കലി കറക്ടാവാനുള്ള കുറുക്കുവഴികള്‍ കഥാപാത്രങ്ങളുടെ കൃത്രിമ ഭാഷണങ്ങളിലൂടെയും മറ്റും തേടുന്ന മോശം പ്രവണത പോപ്പുലര്‍ സിനിമകളെപ്പോലെ നമ്മുടെ ഹ്രസ്വചലച്ചിത്രങ്ങളിലും പലപ്പോഴും കാണാനാവും. പക്ഷേ ഇവിടെ കഥാപാത്രങ്ങള്‍ വാചാലരല്ല. മാര്‍ഗമധ്യേ അപ്രതീക്ഷിതമായി സംഭവിച്ച പരിചയപ്പെടലില്‍ ഡ്രൈവറും ആണ്‍കുട്ടിയും തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രമാണ് സംസാരിക്കുന്നത്. സംഭാഷണങ്ങളേക്കാള്‍ കഥാപാത്രങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാണ് ഓടുന്ന ലോറിക്കുള്ളില്‍ ഒരു ഇരയെയും വേട്ടക്കാരനെയും ഇരയുടെ കുതറലിനെയുമൊക്കെ സിനിമ പൊടുന്നനെ സൃഷ്ടിച്ചെടുക്കുന്നത്. 14 മിനിറ്റാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം.

സംവിധായകനെന്ന നിലയ്ക്കല്ലാതെ ഇപ്പോള്‍ നടനായും ശ്രദ്ധിക്കപ്പെടുന്ന ദിലീഷ് പോത്തനാണ് ലോറി ഡ്രൈവറെ അവതരിപ്പിക്കുന്നത്. ജോണ്‍പോള്‍ ജോര്‍ജ്ജ് ചിത്രം ഗപ്പിയിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചേതന്‍ ജയലാല്‍ ആണ് തൊഴിലിടത്തില്‍നിന്നും മടങ്ങുന്ന കൗമാരക്കാരനായി അഭിനയിച്ചിരിക്കുന്നത്. സിനിമയില്‍ അടുത്തിടെ ദിലീഷിനെ തേടിയെത്തുന്ന കൗതുകമുണര്‍ത്തുന്ന ക്യാരക്ടര്‍ റോളുകള്‍ക്ക് സമാനമാണ് മിഡ്‍നൈറ്റ് റണ്ണിലെ ലോറി ഡ്രൈവര്‍. കഥാപാത്രം ദിലീഷിന്‍റെ കൈയിലൊതുങ്ങുന്നത് തന്നെയെങ്കിലും ഇത്രയും വലിയ വാഹനം ഓടിച്ചുകൊണ്ട് ഉടനീളം പെര്‍ഫോം ചെയ്യുക എന്നത് ഏത് നടനും പ്രതിസന്ധി ഉയര്‍ത്തുന്ന ഒരു സാഹചര്യമാണ്. പ്രകടനത്തില്‍ സൂക്ഷ്മത ആവശ്യപ്പെടുന്ന കഥാപാത്രത്തെ ഡ്രൈംവിംഗിന്‍റെ അധികശ്രമമൊന്നും ബാധിക്കാതെ കൈയടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ദിലീഷ്. അപരിചിതമായ ഒരിടത്ത്, ഒരു അപരിചിതന്‍ പൊടുന്നനെ ഉയര്‍ത്തുന്ന അപകടത്തെ നേരിടേണ്ടിവരുന്ന, താഴേത്തട്ടില്‍ നിന്ന് വരുന്ന ഒരു കൗമാരക്കാരന്‍റെ നിസ്സഹായതയും അവന്‍റെ മനസാന്നിധ്യവുമൊക്കെ ഗംഭീരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട് ചേതന്‍ ജയലാല്‍. 

ഗിരീഷ് ഗംഗാധരനൊപ്പം രമ്യ രാജ്

 

ഒരു കാണിയെ പൊടുന്നനെ പിടിച്ചിരുത്താന്‍ പറ്റിയ വിഷയത്തെ ഓടുന്ന ലോറിയുടെ ഇടുങ്ങിയ സ്പേസില്‍ സൃഷ്ടിച്ചെടുക്കുക എന്നത് (അതും രാത്രിയില്‍) ഏത് ഫിലിംമേക്കര്‍ക്കും  വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പതിയെ ഒരു ത്രില്ലറായി ഇതള്‍വിരിയുന്ന ആഖ്യാനത്തെ ഒരു തരത്തിലും പോറലേല്‍പ്പിക്കാതെ ഈ 'ചുരുങ്ങിയ ഇട'ത്തെ കൈകാര്യം ചെയ്‍തിട്ടുണ്ട് സംവിധായിക. 'നീലാകാശം പച്ചക്കടല്‍' മുതല്‍ 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' വരെ സ്വഭാവത്തില്‍ വ്യത്യസ്തമായ ചിത്രങ്ങളിലും തന്‍റെ കൈയൊപ്പ് പതിപ്പിച്ച ഗിരീഷ് ഗംഗാധരന്‍റെ പിന്തുണ ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ്. രാത്രിയില്‍, മുന്നോട്ട് ചലിക്കുന്ന, ഈ 'ഇടുങ്ങിയ സ്പേസിനെ ഗിരീഷ് മികവോടെ കൈകാര്യം ചെയ്തിരിക്കുന്നു. കഥാപാത്ര പ്രകടനങ്ങളെ നന്നായി ഒപ്പിയതിനൊപ്പം നെടുമ്പാതയിലൂടെ, ഫാന്‍സി ലൈറ്റ് അലങ്കാരങ്ങളൊക്കെയുള്ള ലോറി തന്നെ ഒരു വിചിത്ര സാന്നിധ്യമായി ഗിരീഷിന്‍റെ ക്യാമറയിലൂടെ അനുഭവപ്പെടുന്നുണ്ട്. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനാണ് എടുത്തുപറയേണ്ട മറ്റൊരു മികവ്. പശ്ചാത്തല ശബ്ദങ്ങളെ നന്നായി ഉപയോഗപ്പെടുത്തി രാത്രിയിലെ ലോറി യാത്ര എന്ന അനുഭവത്തെ വിശ്വസനീയമാക്കുന്നതില്‍ സംവിധായികയെ പിന്തുണച്ചിട്ടുണ്ട് അദ്ദേഹം.

കേരള രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയില്‍  പ്രീമിയര്‍ പ്രദര്‍ശനം കഴിഞ്ഞ ചിത്രം മറ്റൊരു സെലക്ഷനും അര്‍ഹമായിട്ടുണ്ട്. ഹംഗറിയില്‍ നടക്കുന്ന സെവന്‍ഹില്‍സ് അന്തര്‍ദേശീയ ചലച്ചിത്രമേളയിലേക്കാണ് മിഡ്‍നൈറ്റ് റണ്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

click me!