ആള്‍ക്കാരെ ചിരിപ്പിച്ച് നായകരായവര്‍!

By Web DeskFirst Published May 5, 2016, 1:09 AM IST
Highlights

നവരസങ്ങളില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രയാസമേറിയതാണ് ഹാസ്യം. സംഭാഷണങ്ങളിലൂടെയും ശാരീരിക ചലനങ്ങളിലൂടെയും പ്രേക്ഷകരെ ചിരിപ്പിക്കാക്കുവാനുള്ള കഴിവ് നേടിയവര്‍ അധികമില്ല. ആളുകളെ ചിരിപ്പിക്കുക എന്ന വിഷമകരമായ ദൗത്യം ഏറ്റെടുത്ത് വിജയിച്ച അനുഗ്രഹീത കലാകാരന്മാര്‍ മലയാള സിനിമയില്‍ ഏറെപ്പേര്‍ ഉണ്ട്. ഇവരില്‍ ചിലര്‍ മിമിക്രി എന്ന അനുകരണകലയിലൂടെയാണ് സിനിമയിലെത്തിയത്. ചിരിയോടൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും കണ്ണുനീരണിയിക്കുകയും ചെയ്‍ത നിരവധി കഥാപാത്രങ്ങളിലൂടെ അവര്‍ താരപദവിയിലേക്കുയര്‍ന്നു. മലയാള സിനിമയിലിടംപിടിച്ച, അനുകരണകലയിലെ രാജാക്കന്മാരായ ആറു പ്രതിഭകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ജയറാം

ഒരു മിമിക്രി കലാകാരനായാണ് ജയറാം തുടക്കം കുറിക്കുന്നത്. കാലടി ശ്രീ ശങ്കരാ കോളേജിലെ പഠനകാലത്തും പിന്നീട് കലാഭവനിലും  മിമിക്രി കലാകാരനായിരുന്ന ഇദ്ദേഹം പത്മരാജന്റെ  അപരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഹാസ്യപ്രാധാന്യമുള്ള  നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം വെള്ളിത്തിരയിലെ നായക പദവിയിലേക്കുയര്‍ന്നു. കലാമൂല്യമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജയറാം ജീവന്‍ നല്‍കി.

ദിലീപ്
 
ദിലീപും മിമിക്രിയിലൂടെയാണ്  കടന്നുവരുന്നത്. ദിലീപിലെ കലാകാരനെ വളര്‍ത്തുന്നതില്‍ എറണാകുളം മഹാരാജാസ് കോളേജും പങ്കുവഹിച്ചിട്ടുണ്ട് . ഏഷ്യാനെറ്റിലെ കോമിക്കോള , സിനിമാല  എന്നീ ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം , പിന്നീടു നാദിര്‍ ഷാ -അഭി -ദിലീപ്  കൂട്ടുകെട്ടില്‍  ഓണത്തിനോടനുബന്ധിച്ച്  ദേ മാവേലി കൊമ്പത്ത് - കാസെറ്റുകള്‍ ഇറക്കി .ഇന്ന് വെള്ളിത്തിരയിലെ ജനപ്രിയ നായകനാണ് ദിലീപ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദിലീപ് നേടി.

സുരാജ് വെഞ്ഞാറമൂട്

മിമിക്രിയിലൂടെ തന്നെ വലിയൊരു ആരാധകസമൂഹം സൃഷ്‌ടിച്ച കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്. തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ തന്നെ  പ്രേക്ഷകരെ കയ്യിലെടുത്തു. ചലച്ചിത്രലോകത്തെ  ചിരിപ്പിക്കുന്നതിനൊപ്പം സ്വഭാവ നടനായും തിളങ്ങി . പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ  അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും  കരസ്ഥമാക്കി. കോമഡി നടനുള്ള സംസ്ഥാന അവാര്‍ഡുകളും സ്വന്തമാക്കി.

സലിംകുമാര്‍

പഠനകാലത്ത് കലാഭവനില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റായാണ് സലിം കുമാര്‍ തന്റെ കലാ ജീവിതം തുടങ്ങുന്നത്. മൂന്നു തവണ എം ജി യൂണിവേഴ്‌സിറ്റി ബെസ്റ്റ് മിമിക്രി ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നേടി. ഇഷ്‌ടമാണ് നൂറുവട്ടം  ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം  തുടങ്ങിയ ചിത്രങ്ങളില്‍  മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആദാമിന്റെ മകന്‍ അബു  എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‍ക്കാരങ്ങള്‍ സ്വന്തമാക്കി.

കലാഭവന്‍ മണി

കലാഭവനില്‍ മിമിക്രി കലാകാരനായി തുടക്കം. ഹാസ്യ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടക്കം . പിന്നീട് സ്വഭാവ നടനായും , പ്രതിനായകനായും മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും  മികച്ച പ്രകടനം  കാഴ്‍ചവച്ച, മണി 2002 ല്‍ ജെമിനി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന്  മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്‌ നേടി. വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന -  ദേശീയ തലങ്ങളില്‍ പ്രത്യേക പുരസ്‍കാരം ലഭിച്ചു . 2016ല്‍  ദക്ഷിണേന്ത്യന്‍ ചലച്ചിത്രരംഗത്തിനു തന്നെ തീരാനഷ്‌ടമായി കലാഭവന്‍ മണി വിടചൊല്ലി .

ടിനി ടോം

കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍, സെവന്‍ ആര്‍ട്സ് എന്നിങ്ങനെ വിവിധ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ച ടിനി ടോം നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.1995ല്‍  മിമിക്‌സ് ആക്ഷന്‍ 500 ആണ് ആദ്യ ചിത്രമെങ്കിലും പട്ടാളം  ചിത്രമാണ് ടിനിയുടെ സിനിമാജീവിതത്തില്‍  വഴിത്തിരിവായത് . പിന്നീട് നിരവധി ചിത്രങ്ങളില്‍  ശ്രദ്ധേയമായ  കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013 ല്‍  പുറത്തിറങ്ങിയ  ഹൗസ് ഫുള്‍  എന്ന ചിത്രത്തില്‍  നായകവേഷത്തിലും  ടിനിയെത്തി . പ്രാഞ്ചിയേട്ടനിലും ശ്രദ്ധിക്കപ്പെട്ടു.

ഇവരെ കൂടാത, ഹരിശ്രീ അശോകന്‍, എന്‍ എഫ് വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങളുണ്ട്, മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി മിന്നിത്തിളങ്ങിയവര്‍.

click me!