
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺകുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് പെണ്‍മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണെന്ന് ദിലീപ്. നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്തുവരുന്നത്, ഒരമ്മയുടെ മകൻ എന്ന നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു - ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
നമ്മുടെ നാട് എങ്ങോട്ടാണു പോകുന്നത്? ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്തുവരുന്നത്, ഒരമ്മയുടെ മകൻ എന്ന നിലയിൽ, ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.
സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും ഒരു പെൺകുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നെപ്പോലെ പെണ്‍മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ്. ദൽഹിയും, പെരുന്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ആരെയാണു നമ്മൾ രക്ഷകരായി കാണേണ്ടത്? ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത് ജയിലുകളിൽ ഇന്നും ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം! അതെ കൊടുംകുറ്റവാളികൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ "ലൂപ്പ് ഹോൾസി"ലൂടെ ആയുസ് നീട്ടിക്കൊണ്ടു പോകുന്നു. അതുകൊണ്ടുതന്നെ കൊടുംക്രൂരതകൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടേ? കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റിയെഴുതപ്പെടണം. കൊടുംകുറ്റവാളികൾ എത്രയും പെട്ടന്നു തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോ കുറ്റവാളിയും ഭയപ്പെടുന്നതാവുകയും വേണം, ഇരയോട് വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിനു കാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലേ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ.
എങ്കിലേ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ.
അതിന് ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്. എല്ലാ രാഷ്‍ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്.
ഇത് ഞാൻ പറയുന്നത് എനിക്കുവേണ്ടി മാത്രമല്ല, പെണ്‍മക്കളുള്ള എല്ലാ അച്‍ഛനമ്മമാർക്കും വേണ്ടിയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ