
മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേരന്റിങ്ങിനെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്നയാൾ കൂടിയാണ് ഒരു ലൈഫ് കോച്ച് കൂടിയായ അശ്വതി. കുട്ടികളുടെ വൾനറബിളായിട്ടുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനെതിരെയാണ് അശ്വതിയുടെ പുതിയ വീഡിയോ.
ദയവ് ചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും വൾനറബിൾ ആയ മൊമന്റ്സ്, അവർ കരയുന്നത്, വാശി കാണിക്കുന്നത് ഇതൊന്നും ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇടരുത്. ഞാൻ ഇതേ തെറ്റ് വർഷങ്ങൾക്ക് മുമ്പ് ചെയ്തതാണ്. അത് അഡ്മിറ്റ് ചെയ്തു കൊണ്ടു തന്നെ പറയുകയാണ്. എന്റെ മകൾ സ്‍കൂളില്‍ പോകാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞ മാെമന്റുണ്ട്. അന്ന് ഒരു തമാശയായാണ് ഇത് ഷെയർ ചെയ്യാമെന്ന് വിചാരിച്ചത്. പക്ഷെ ഇന്ന് ഞാനതിൽ പശ്ചാത്തപിക്കുന്നു. സ്‍കൂളിൽ പോകാൻ മടിയാണല്ലേ, കരയുന്നത് കണ്ടല്ലോ എന്ന് ആ വീഡിയോ കണ്ട് മോളോട് പലരും ചോദിച്ചു. അമ്മയുടെ മുന്നിൽ വെച്ച് ഞാൻ ചെയ്ത കാര്യമാണ്, ഇതെങ്ങനെയാണ് ലോകം മുഴുവൻ അറിഞ്ഞത് എന്ന് ചിന്തിച്ച് അവൾ അന്തം വിട്ട് എന്നെ നോക്കി. ആ മൊമന്റിലാണ് ഞാൻ തിരിച്ചറിഞ്ഞത്., ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന്.
ഇമോഷൻ പ്രോസസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് അവർ അങ്ങനെ പ്രതികരിക്കുന്നത്. ആ സമയത്ത് ക്യാമറ എടുക്കാതെ അവരുടെ കൂടെ ഇമോഷൻ റെഗുലേറ്റ് ചെയ്യാൻ ഇരുന്ന് കൊടുക്കുക എന്നതാണ് ഒരു പേരന്റ് എന്ന നിലയിൽ ചെയ്യേണ്ടത്'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അശ്വതി പറഞ്ഞു. 'ക്യൂട്ട് അല്ല, തമാശയുമല്ല' എന്ന തലക്കെട്ടോടെയാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അവർക്ക് ആ സമയക്ക് വേണ്ടത് സപ്പോർട്ട് ആണ്, ക്യാമറയല്ലെന്നും അതിനർത്ഥം ഒന്നും ഷെയർ ചെയ്യരുത് എന്നല്ലെന്നും കമന്റ് ബോക്സിലെ ചോദ്യത്തിന് മറുപടിയായി അശ്വതി പറയുന്നുണ്ട്.