അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു, പുനർവിവാഹ അഭ്യൂഹങ്ങളിൽ പ്രതികരിച്ചു. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും, മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള 'സുധി' എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും വൈറലാണ്. ഇതിനിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു എത്തിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് താരം. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
വീണ്ടും ഒരു വിവാഹം കഴിച്ചാൽ രേണു സുധി എന്ന പേര് മാറ്റിയേക്കും എന്ന കാര്യവും രേണു സുധി സൂചിപ്പിച്ചു. "മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല", എന്ന് രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിന് ഇടയിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് താൻ പറഞ്ഞത് എന്നും രേണു കൂട്ടിച്ചേർത്തു. തട്ടമിടുന്ന കാര്യത്തെ കുറിച്ച് താൻ ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കി.



