
ചില സിനിമകളെ പോലെ സീരിയലുകളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. പ്രത്യേകിച്ച് പഴയകാല സീരിയലുകൾ. അതിലെ കഥാപാത്രങ്ങളും സീനുകളും എന്തിനേറെ കഥാപാത്രങ്ങളുടെ പേരുകൾ അടക്കം മലയാളികളുടെ മനസിലുണ്ടാകും. ഗൃഹാതുരത ഉണർത്തുന്ന ഇത്തരം സീരിയലുകളെ വീണ്ടും കാണാൻ യുട്യൂബിൽ തിരയുന്നവരും ധാരാളമാണ്. അത്തരത്തിൽ ഇന്നും മലയാളികളുടെ മനസിൽ പ്രത്യേകിച്ച് 80's, 90'sകളിലുള്ള ആളുകളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നൊരു സീരിയലുണ്ട്. ജ്വാലയായ്.
റിപ്പോർട്ടുകൾ പ്രകാരം 2000ത്തിന്റെ തുടക്കത്തിലാണ് ജ്വാലയായ് സീരിയൽ സംപ്രേഷണം ആരംഭിക്കുന്നത്. ദൂരദർശനിൽ ആയിരുന്നു അത്. മെഗാഹിറ്റായ സീരിയലിലെ അഭിനേതാക്കളെ എല്ലാവർക്കും അറിയാമെങ്കിലും അത് നിർമിച്ചത് മമ്മൂട്ടി ആണെന്നത് അധികമാർക്കും അറിയാത്തൊരു കാര്യമാണ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായിരുന്ന മെഗാ ബെറ്റ്സാണ് ജ്വാലയായ് നിർമ്മിച്ചത്. നെടുമുടി വേണു, എം ആർ ഗോപ കുമാർ, വിന്ദുജ മേനോൻ, മുകുന്ദൻ, സംഗീത മോഹൻ, രശ്മി ബോബൻ, അനില ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ പരമ്പരയിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ജ്വലയായ് സീരിയലിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി. മമ്മൂട്ടിക്കും നടൻ മുകുന്ദനും ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് " വർഷങ്ങൾക്കു മുൻപ് ജ്വാലയായി സീരിയലിന്റെ സെറ്റിൽ", എന്നാണ് ഇബ്രാഹിംകുട്ടി കുറിച്ചത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ തങ്ങളുടെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് കമന്റുകൾ ചെയ്തത്.
"മമ്മൂട്ടി അവതരിപ്പിക്കുന്ന എന്നത് കാണുമ്പോൾ തന്നെ ഹരമായിരുന്നു സീരിയലും അത് പോലെ ഗംഭീരം, മമ്മൂക്കയുടെ ഛായയുള്ള ഈ അനിയനെ കാണാൻ വേണ്ടി മാത്രം ജ്വാലയായ് സീരിയൽ കണ്ട കാലം, മമ്മൂക്കയുടെ പേരിൻ്റെ സെപ്ല്ലിംഗ് ഇതിലൂടെയാണ് പഠിച്ചത് MAMMOOTTY എന്ന്, അണയാതാളി ജ്വാലയായ് പടർന്നിട്ട് 25 വർഷങ്ങൾ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിലർ സീരിയലിന്റെ ടൈറ്റിൽ ഗാനം പങ്കിട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..