
ലഹരിക്കേസിൽ സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖർ അടുത്തിടെ അറസ്റ്റിലായിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരം ജിഷിൻ മോഹൻ. ലഹരിക്ക് അടിമയായവരെ ഡി അഡിക്ഷൻ സെന്ററിലേക്ക് അയച്ചിട്ട് കാര്യമില്ലെന്നും സ്വയം തീരുമാനിച്ചാൽ മാത്രമെ ഇത്തരം അഡിക്ഷനുകളിൽ നിന്ന് മോചനം ലഭിക്കുകയുള്ളുവെന്നും ജിഷിൻ പറയുന്നു.
നടൻ ഷൈെം ടോം ചാക്കോയെ ഡീ അഡിക്ഷൻ സെന്ററിലേക്ക് അയച്ച സംഭവത്തിലും താരം പ്രതികരിച്ചു. ''ഷൈൻ ആവശ്യപ്പെട്ടിട്ടാണ് അതു ചെയ്തത് എന്നറിഞ്ഞു. അത് നല്ല കാര്യം തന്നെ. ഇത്തരം സെന്ററുകൾക്ക് ലഹരി ഉപയോഗിക്കാൻ നമ്മെ സഹായിക്കാം എന്നു മാത്രമേ ഉള്ളൂ. മാറണമെങ്കിൽ നമ്മൾ സ്വയം തീരുമാനിക്കണം'', ബ്രേക്ക് ത്രൂ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജിഷിൻ പറഞ്ഞു.
ലഹരിക്കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്ത സംഭവത്തിലും ജിഷിൻ പ്രതികരിച്ചു. ''ഞാൻ വേടനെ പിന്തുണക്കുകയല്ല. നമ്മുടെ നാട്ടിൽ നിയമം അനുശാസിക്കുന്ന ചില കാര്യങ്ങളുണ്ട്. വേടനായാലും മറ്റ് സെലിബ്രിറ്റീസ് ആരായാലും സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. അത്തരക്കാർ ഇത്തരം ലഹരികൾ ഉപയോഗിക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ എല്ലാവരെയും പോലെ അവർക്കും ഒരു രസത്തിന് ഇതൊക്കെ ഉപയോഗിക്കാൻ തോന്നിയേക്കാം. തന്നെ ആരും മാതൃകയാക്കരുത് എന്നു പറഞ്ഞത് അവന്റെ വലിയ മനസ്. പക്ഷേ ഇങ്ങനൊരു കാര്യത്തിൽ താൻ അകപ്പെടാൻ പാടില്ല എന്ന കാര്യം വേടൻ ശ്രദ്ധിക്കേണ്ടതായിരുന്നു. എങ്കിലും തെറ്റുകൾ പറ്റാത്തവരായി ആരുണ്ട്?'', എന്ന് ജിഷിന്‍ ചോദിക്കുന്നു.
''പക്ഷേ, ഇവിടെ ഇരട്ടനീതിയാണ് നടക്കുന്നത്. പണ്ടൊരു കൊക്കെയ്ൻ കേസ് വന്നു. അത് എവിടെപ്പോയി? ഇതിനേക്കാൾ വലുതല്ലേ അത്? വേടൻ ഇനിയും കയറിവരും. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൻ ഉയിർത്തെഴുന്നേൽക്കും'', എന്നും ജിഷിൻ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..