
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ നടനാണ് കണ്ണൻ സാഗർ. മിമിക്രി വേദികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ അദ്ദേഹം സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വാഴ 2 എന്ന ഹിറ്റ് ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. വളരെ ചെറിയൊരു വേഷമാണെങ്കിലും അതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടായതിനെത്തുടർന്ന് സര്‍ജറി ചെയ്ത വിവരം അടുത്തിടെ കണ്ണൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. സർജറിയെത്തുടർന്ന് വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. തന്റെ പുതിയ ആരോഗ്യവിവരങ്ങളാണ് പുതിയ പോസ്റ്റിലൂടെ കണ്ണൻ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, തുടങ്ങിയവരുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് കണ്ണൻ സാഗർ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
''മനുഷ്യ ദൈവങ്ങളേ, ഒരുപാട് നന്ദി. വീണ്ടും ചെക്കപ്പിലേക്കു പോയി. വ്യായാമവും, വിശ്രമവും കുറേ നാളുകൾക്കൂടി മുന്നോട്ട് കൊണ്ടുപോണം എന്ന നിർദ്ദേശം നൽകി. നന്നായി ഡോക്ടർ പരിശോധിച്ചു. അത്യാവശ്യം വർക്കുകളിൽ, യാത്രകളിൽ ഒക്കെ പോകാം മനസിന് ധൈര്യമുണ്ടെങ്കിൽ എന്നു പറഞ്ഞപ്പോൾ ഒരു ധൈര്യം വന്നതുപോലെ. അങ്ങനെ ആയല്ലേ പറ്റൂ, പ്രിയപ്പെട്ടവരോട്, സ്നേഹിച്ചതിന് പ്രാർത്ഥിച്ചതിനു ആത്മധൈര്യം തന്നതിന് ഒരുപാട് സഹായിച്ചതിന് കടപ്പെട്ടിരിക്കുന്നു.
പ്രിയപ്പെട്ട മമ്മൂക്കാ, ഹൃദയപ്പൂർവ്വം ഫൗണ്ടേഷൻ ഭാരവാഹികൾ, രാജഗിരി ഹോസ്പിറ്റൽ ആലുവ, രമേഷ് പിഷാരടി, കലാഭവൻ കെഎസ് പ്രസാദ് ചേട്ടൻ, സാജു കൊടിയൻ, സഹായഹസ്തങ്ങൾ നീട്ടിയ അറിഞ്ഞും അറിയാതെയുമുള്ള സോദരങ്ങൾ, കോട്ടയം ആക്മ, ഇതിലൊക്കെ ഉപരി ധനവും, മനസ്സും തന്നു കൂടെയുണ്ടെന്നു ധൈര്യം തന്ന 'മാ' സംഘടനാ ഭാരവാഹികളും പ്രിയപ്പെട്ട അംഗങ്ങളും. അങ്ങനെ നന്ദിപറഞ്ഞാൽ തീരില്ല ഈ ജന്മം'', കണ്ണൻ സാഗർ ഫെയ്സ്ബുക്കിൽ കുറിച്ചു.