
മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ ശ്രദ്ധനേടിയ ആര്യ ബിഗ് ബോസിലും എത്തിയിരുന്നു. സിനിമകളിലും അഭിനയിച്ച ആര്യയ്ക്ക് സ്വന്തമായി ഒരു സാരി ബ്രാൻഡ് ഉണ്ട്. കാഞ്ചീവരം എന്നാണ് അതിന്റെ പേര്. ഏതാനും മാസങ്ങൾക്ക് മുൻപ് ബ്രാൻഡുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് ഓൺലൈനിൽ നടന്നിരുന്നു. ആ പ്രശ്നം പിന്നീട് പരിഹരിക്കുകയും ചെയ്തു. എന്നാൽ തട്ടിപ്പുകാർ വീണ്ടും എത്തിയെന്നും കസ്റ്റമേഴ്സിന് ശ്രദ്ധവേണമെന്നും ആര്യ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ.
ആര്യ ബഡായിയുടെ വാക്കുകൾ ഇങ്ങനെ
തട്ടിപ്പുകാർ വീണ്ടും എത്തിയിട്ടുണ്ട്. ഇടയ്ക്ക് വച്ച് എല്ലാം ഒന്ന് ഓക്കെ ആയി വന്നതായിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. നമ്മുടെ ബ്രാന്‍ഡിന്‍റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പക്ഷേ ബ്രാന്‍ഡിന്‍റെ ലോഗോ ഒന്നും അവര്‍ ഉപയോഗിച്ചിട്ടില്ല. പക്ഷേ നമ്മുടെ വീഡിയോകള്‍ അവര്‍ ഉപയോഗിക്കുന്നുണ്ട്. മിസ് യൂസ് ചെയ്യുകയാണ്. വാട്ടര്‍ മാര്‍ക്ക് അടക്കമാണ് അവര്‍ അപ്ലോഡ് ചെയ്യുന്നത്. അതുപോലും ശ്രദ്ധിക്കാതെ പല ആള്‍ക്കാരും ഇതില്‍ ചെന്ന് വീഴുന്നുമുണ്ട്. അത്യാവശ്യം നല്ല പട്ടുസാരികള്‍ ഒക്കെ 2000, 3000 രൂപ എന്നൊക്കെ പറഞ്ഞാണ് വീഡിയോസ് അപ്ലോഡ് ചെയ്തിരിക്കുന്നത്.
കാഞ്ചീവരം എന്ന ഞങ്ങളുടെ പേജില്‍ ദിവസേന വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതിനൊരു ഫോര്‍മാറ്റും ഉണ്ട്. അതില്‍ നിന്നും മാറി വീഡിയോകള്‍ ഇടാറില്ല. വീഡിയോയുടെ നടുക്ക് വില എഡിറ്റ് ചെയ്ത് വയ്ക്കാറില്ല. അതെല്ലാം ഈ തട്ടിപ്പുകാര്‍ നടത്തുന്ന പരിപാടിയാണ്. വീഡിയോ നമ്മുടേത് ആണെങ്കിലും അവര്‍ എഡിറ്റ് ചെയ്യുന്നുണ്ട്. യഥാര്‍ത്ഥ പേജ് ഏതാണെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞേ പറ്റൂ. കഴിഞ്ഞ തവണ തട്ടിപ്പ് നടന്നപ്പോള്‍ ഞങ്ങളുടെ പേജ് വെരിഫൈഡ് ചെയ്തിരുന്നു. പക്ഷേ ഒരുമാസം കഴിഞ്ഞപ്പോള്‍ മെറ്റ തന്നെ അതെടുത്ത് കളയുകയും ചെയ്തു. വീണ്ടും നോക്കിയിട്ടും എടുക്കാന്‍ പറ്റിയില്ല. അങ്ങനെ ഒരു കുരുക്കില്‍ പെട്ട് കിടക്കുകയാണ് ഞങ്ങള്‍. അതുകൊണ്ടാണ് അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് പോയത്.
വീണ്ടും വീണ്ടും ആള്‍ക്കാര്‍ ഇതില്‍ ചെന്ന് പെടുന്നു എന്ന് പറയുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് മുന്‍പ് തട്ടിപ്പ് നടന്നപ്പോള്‍ വളരെ ഡീറ്റൈല്‍ ആയിട്ട് വീഡിയോസും കാര്യങ്ങളും ചെയ്തതാണ്. എന്നിട്ടും ഇത് തുടരുന്നുണ്ട്. പ്ലീസ് ശ്രദ്ധയോടെ ഇരിക്കൂ. കുറേ വ്യാജ അക്കൗണ്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡിന് മാത്രമല്ല മറ്റ് പലര്‍ക്കും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കണം. ഞങ്ങള്‍ക്ക് ഒരേയൊരു പേജ് മാത്രമെ ഉള്ളൂ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ആര്യ പ്രതികരണവുമായി എത്തിയത്.