
തിരുവനന്തപുരം: സീരിയല്‍ താരം നയന ജോസന്‍ വിവാഹിതയായി. ഡാന്‍സറും മോഡലുമായ ഗോകുലിനെയാണ് നയന വിവാഹം കഴിച്ചത്. ഇരുവരും വളരെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.
മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. മിനി സ്‌ക്രീനിൽ കൂടെവിടെ പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്. ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിക്കൊപ്പം വരെ തിളങ്ങിയ നയന നിരവധി സിനിമകളിലൂടെ തൻറേതായ സ്ഥാനം നേടിയ നടി കൂടിയാണ്. അഭിനയ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നര്‍ത്തകിയെന്ന നിലയിലുള്ള പരിശീലനത്തിന് സമയം കണ്ടെത്താറുമുണ്ട് അവര്‍.
നേരത്തെ വിവാഹം നിശ്ചയിച്ച സമയത്ത് തങ്ങള്‍ നേരിട്ട എതിര്‍പ്പുകള്‍ നയന തുറന്നു പറഞ്ഞിരുന്നു. "ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എന്‍റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എന്‍റെ അഭിനിവേശത്തെ, എന്‍റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു." എന്നാണ് അന്ന് നയന പറഞ്ഞത്.
അതേ സമയം ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോയില്‍ താന്‍ വലിയ സന്തോഷത്തിലാണ് എന്നും തനിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്ന നിമിഷം തീര്‍ന്ന് പോകരുതെ എന്നതാണ് തന്‍റെ പ്രാര്‍ത്ഥനയെന്നും നയന പറയുന്നുണ്ട്.
ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു വന്ന ആളാണ് നയന. അങ്ങനെയാണ് സൂപ്പർ ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പിന്നീട് നാലഞ്ച് റിയാലിറ്റി ഷോകള്‍ ചെയ്ത ശേഷമാണ് ഒരിക്കൽ ടൈറ്റിൽ വിന്നർ ആയി നയന മാറിയത്.