
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസിക പീഡനങ്ങളെ കുറിച്ച് ജസീല ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഡോൺ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറഞ്ഞിരുന്നു. ഇയാൾക്കെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഒരു വർഷമാകാനാകുമ്പോഴും തനിക്ക് നീതി കിട്ടിയില്ലെന്ന് പറയുകയാണ് ജസീല. ആ വ്യക്തി ഇപ്പോഴും സ്വതന്ത്രനായി ജീവിക്കുകയാണെന്നും താനിപ്പോഴും ആ ട്രോമയിൽ നിന്നും കരകയറിയിട്ടില്ലെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ജസീല പറഞ്ഞു.
''ഇന്ന് ഒരു വർഷം തികയുന്നു. ഒരിക്കലും തിരിച്ചുവരാത്ത എന്റെ ജീവിതത്തിലെ ഒരു വർഷം. രാവിലെ മുതൽ ഞാൻ ഉത്കണ്ഠയും ആംഗ്സൈറ്റിയും അനുഭവിക്കുകയാണ്. കാരണം എന്റെ കേസ് ഇപ്പോഴും തുടരുകയാണ്. പ്രതി ജാമ്യത്തിൽ സ്വതന്ത്രമായി ജീവിക്കുന്നു. വൈകി ലഭിക്കുന്ന നീതി ഒരു അതിജീവിതയ്ക്ക് അനുഭവപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്. അതേ നിയമപരമായ ചോദ്യങ്ങൾ ഞാൻ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു... എന്തുകൊണ്ടാണ് സിസ്റ്റം നിശബ്ദമായിരിക്കുന്നത്?. എന്റെ വേദന മനസിലാക്കപ്പെടാത്തത് എന്തുകൊണ്ട്?.
എനിക്ക് എന്റെ ശബ്ദം നഷ്ടപ്പെട്ടു. കോടതിയിൽ എന്റെ ശബ്ദം കേട്ടില്ല. അതേസമയം പ്രതിക്ക് ആവർത്തിച്ച് സമയവും അവസരവും ലഭിച്ചു. ഒരു ക്ഷമാപണത്തിനും വിട്ടുവീഴ്ചയ്ക്കും സമയം കടന്നുപോകുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ കഴിയില്ല. എന്റെ ശരീരം ട്രോമയിലൂടെ ജീവിക്കുന്നു. എനിക്ക് എന്റെ സമാധാനവും ആരോഗ്യവും എന്റെ സാധാരണ ജീവിതവും നഷ്ടപ്പെട്ടു. മരുന്നുകൾ, തെറാപ്പി, അപാരമായ പരിശ്രമം എന്നിവയിലൂടെ ഞാൻ എല്ലാത്തിനേയും അതിജീവിച്ചു. അവൻ ചെയ്തതെല്ലാം ശരിയായിരുന്നുവെങ്കിൽ വിചാരണയെ ഭയപ്പെടുന്നതെന്തിന്?. മുൻകൂർ ജാമ്യം നൽകിയ ശേഷം എന്നെ ആശുപത്രിയിൽ കൊണ്ടുപോയത് എന്തിനാണ്?. ഡോക്ടറോട് സത്യം പറഞ്ഞപ്പോൾ എന്തിനാണ് പരിഭ്രാന്തനായത്?. വിചാരണ ഒഴിവാക്കി കാലതാമസം തേടുന്നത് എന്തുകൊണ്ട്?. ഞാൻ പോരാടും. ഞാൻ ഈ ലോകം വിട്ടുപോയാലും സത്യം മാറ്റമില്ലാതെ തുടരും... നീതി നടപ്പാക്കപ്പെടും'', എന്നായിരുന്നു ജസീലയുടെ വാക്കുകൾ. ഒപ്പം തന്നെ ഡോൺ തോമസ് ഉപദ്രവിച്ചതിന്റെ വീഡിയോയും ഇയാൾക്കൊപ്പമുള്ള ഫോട്ടോകളും ജസീല പങ്കുവച്ചിട്ടുണ്ട്.