
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ജ്യോതി കൃഷ്ണ. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ഞാൻ എന്ന ചിത്രത്തിലും ജ്യോതി കൃഷ്ണ വേഷമിട്ടിരുന്നു. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ വിശേഷങ്ങളും മറ്റും ജ്യോതി കൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ശരീരഭാരം വർദ്ധിച്ചതിനെ കുറിച്ചും, അത് തന്റെ ആത്മവിശ്വാസത്തെ എങ്ങനെയാണ് ബാധിച്ചത് എന്നതിനെ കുറിച്ചും ജ്യോതി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ശരീരഭാരം കൂടിയതിനാൽ ഏത് ഫോട്ടോയിൽ നോക്കിയാലും മത്തങ്ങ പോലെ ഇരിക്കുന്നുവെന്നാണ് ജ്യോതി കൃഷ്ണ പറയുന്നത്. തന്നെക്കാൾ നീളം കൂടിയ കുട്ടികൾ വന്ന് ആന്റി എന്ന് വിളിക്കുന്നുവെന്നും താൻ ജനിച്ചത് 1992 ലാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ജ്യോതി കൃഷ്ണ വ്യക്തമാക്കി.
ജ്യോതി കൃഷ്ണയുടെ വാക്കുകൾ- "കുറച്ചായി എന്റെ ഫോളോവേഴ്സിൽ ചിലർ ചോദിക്കുന്നു, ‘ജ്യോതി എന്തുപറ്റി ഇപ്പോൾ കാണാൻ ഇല്ലല്ലോ?’ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല, അതിന്റെ കാരണം, എനിക്ക് വളരെ വൃത്തികെട്ട കോംപ്ലെക്സ് ആണെന്നു തന്നെ പറയണം. കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു, അതോടെ എന്റെ മുഴുവൻ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വയ്പ്പ് ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാസത്തെ യൂറോപ്പ് ട്രിപ്പ് പോയി. തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം മനസ്സിലാക്കി, ശരീരഭാരം നാലുകിലോ കൂടിയിട്ടുണ്ട്.
ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. ആ സമയത്ത് 76 കിലോ ആയിരുന്നു. അപ്പോഴാണ് റമദാൻ വന്നത്. റമദാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു, നമുക്ക് നല്ല സ്നാക്ക്സ് ഒക്കെ കിട്ടുന്ന സമയമല്ലേ അടുത്ത മാസം മുതൽ വെയ്റ്റ് കുറയ്ക്കാമെന്ന്. അപ്പോഴേക്കും യുദ്ധം വന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പല കാര്യങ്ങളും വളരെ വ്യക്തമായി കാണാൻ പറ്റുന്നതുകൊണ്ട് സ്ട്രെസ് കൂടി. സ്‌ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ചു സ്ട്രെസ് കുറയ്ക്കാം എന്ന് കരുതി, അത് ഭയങ്കര മണ്ടത്തരം ആയിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ 81 കിലോ ആയി എന്ന സത്യം മനസ്സിലാക്കി. അതോടെ ആത്മവിശ്വാസം മുഴുവൻ പോയി.
ഫോട്ടോ എടുക്കാൻ താല്പര്യമില്ലാതെയായി. ഏത് ഫോട്ടോയിൽ നോക്കുമ്പോഴും മത്തങ്ങ പോലെ ഇരിക്കുന്നു. ശരീരം വണ്ണം വച്ചപ്പോൾ മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു, മുഖത്ത് കറുത്ത പാടുകൾ എവിടെനിന്ന് വന്നു എന്നുപോലും അറിയില്ല. വല്ലാത്ത ഡിപ്രെഷനിൽ ആയിപോയി. അതിനിടയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എനിക്ക് എന്റേതായ സമയം കിട്ടാതായി. അതുകൊണ്ടാണ് ഞാൻ ആക്ടീവ് അല്ലാതിരുന്നത്. എന്നെ അന്വേഷിച്ച കുറച്ചുപേരോടാണ് ഞാൻ ഇത് പറയുന്നത്, നിങ്ങളോട് ഇത് ആരെങ്കിലും ചോദിച്ചോ എന്ന കമന്റുമായി വരരുതേ.
നമ്മളെക്കാൾ പൊക്കമുള്ള കുട്ടികൾ വന്ന് ആന്റി എന്ന് വിളിക്കുമ്പോൾ ഉള്ള അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന് പറഞ്ഞിട്ടും ആരും മനസ്സിലാക്കുന്നില്ല. എന്റെ ആധാർ കാർഡ് നോക്കൂ ഞാൻ 1992ൽ ഉള്ളതാണ്. ഇതടക്കം ഞാൻ കാണിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് ഒരു തമിഴ് സിനിമയിൽ നിന്ന് എന്നെ ഒരു കാസ്റ്റിങ് ഏജൻസി കോൺടാക്റ്റ് ചെയ്തു. എനിക്ക് തമിഴ് സിനിമ ചെയ്യാൻ വളരെ ഇഷ്ടമാണ്. അവർ എന്നോട് പറഞ്ഞു മാം ഇതൊരു 'അമ്മ' കഥാപാത്രമാണ്, ഞാൻ പറഞ്ഞു പിന്നെന്താ നമുക്ക് ചെയ്യാം. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെ വിളിച്ചത് 22 വയസ്സുള്ള ഒരാളിന്റെ അമ്മ ആകാനാണ്. കുഴപ്പമൊന്നുമില്ല, എന്നാലൂം ഞാൻ ആലോചിച്ചു, ഇപ്പോഴേ അങ്ങനത്തെ റോൾ ചെയ്യേണ്ട ആവശ്യമുണ്ടോ? കുറച്ചുകൂടി കഴിഞ്ഞാൽ എന്തായാലും അങ്ങനത്തെ റോളുകളെ കിട്ടു.
ഇതെല്ലാം കൂടി ആയപ്പോൾ എനിക്ക് മനസ്സിലായി ഇനി നന്നാക്കാൻ ഞാൻ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാൻ നന്നാകാൻ തീരുമാനിച്ചു. നന്നാവാൻ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാൻ തീരുമാനിച്ചാൽ നമ്മൾ ഉഴപ്പുമ്പോൾ ആരെങ്കിലുമൊക്കെ ചോദിയ്ക്കാൻ ഉണ്ടാകും. അങ്ങനെ ഞാൻ വെയ്റ്റ് കുറക്കാൻ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്. ഓരോരുത്തരുടെ ശരീരമൊക്കെ എങ്ങനെ വെക്കണം എന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷെ എനിക്ക് കുറച്ചു വണ്ണം കുറഞ്ഞിരിക്കുന്ന്താണ് ഇഷ്ടം."