
ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. നാളെയാണ് (ജൂലൈ 11) കാർത്തിക്കിന്റെ വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് വധു. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ കുറച്ചു നാളുകളായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. വിവാഹത്തോടനുബന്ധിച്ച് നടിയും കാർത്തിക് സ്വന്തം ചേച്ചിയെപ്പോലെ കരുതുന്നയാളുമായ മഞ്ജു പിള്ള നൽകിയ സമ്മാനത്തെക്കുറിച്ചാണ് താരം പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. മഞ്ജു പിള്ളയുടെ മകൾ ദയയും കാർത്തിക്കിനുള്ള വിവാഹസമ്മാനം വാങ്ങാൻ എത്തിയിരുന്നു.
ഒരു പ്ലാറ്റിനം മോതിരവും സിൽവർ വളയുമാണ് മഞ്ജു പിള്ള കാർത്തിക്കിന് സമ്മാനമായി നൽകിയത്. ആനവാൽ മോതിരം വാങ്ങാനാണ് എത്തിയതെങ്കിലും പിന്നീട് തീരുമാനം മാറ്റി പ്ലാറ്റിനം മോതിരം വാങ്ങുകയായിരുന്നു. പുരുഷൻമാരുടെ കയ്യിൽ പ്ലാറ്റിനം മോതിരം കിടക്കുന്നത് കാണാൻ ഒരു ക്ലാസി ലുക്ക് ആണെന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം. വള വേണമെന്ന കാര്യം കാർത്തിക് ഇടക്കിടെ പറയാറുള്ളതായിരുന്നു എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു. ആനവാൽ മോതിരം വിൽക്കാൻ പറ്റില്ലെന്നും ഇതാകുമ്പോൾ വിൽക്കാമല്ലോ എന്നുമായിരുന്നു തമാശരൂപേണ കാർത്തിക് പറഞ്ഞത്. കാറിലിരുന്ന് മോതിരവും വളയും മഞ്ജു പിള്ള കാർത്തിക്കിനെ അണിയിക്കുന്നതും വീഡിയോയിൽ കാണാം.
കാർത്തിക് സൂര്യ പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രണ്ട് വർഷം മുമ്പ് കാർത്തികിന് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു, പിന്നീട് ഈ വിവാഹം മുടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാരാണ് വർഷയെ കാർത്തികിന് വേണ്ടി കണ്ടെത്തിയത്.