
ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. ക്യാമറാമാൻ മനോജ് കുമാറാണ് ശ്രീക്കുട്ടിയുടെ ഭർത്താവ്. ഇവർക്ക് വേദ എന്ന പേരിൽ ഒരു മകളുമുണ്ട്. അപ്രതീക്ഷിതമായി വന്ന നടുവേദനയെക്കുറിച്ചാണ് ശ്രീക്കുട്ടി പുതിയ വ്ളോഗിൽ സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആശുപത്രിയിൽ കയറി ഇറങ്ങേണ്ട സാഹചര്യമാണ് തനിക്കെന്നും ആമ മോതിരം ധരിച്ച് തുടങ്ങിയശേഷമാണ് ഈ അവസ്ഥ ഉണ്ടായതെന്നും ശ്രീക്കുട്ടി പറയുന്നു.
''മാസത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ആശുപത്രിയുടെ നട ചവിട്ടിയില്ലെങ്കിൽ സമാധാനം കിട്ടില്ലെന്ന അവസ്ഥയിലാണ് ഞാൻ. ആമ മോതിരം തന്ന പണിയാണോയെന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ അതിൽ ഒട്ടും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി പറയാം. ആമ മോതിരം ഇട്ടശേഷം മാസത്തിൽ ഒരിക്കൽ എങ്കിലും ഞാൻ ഇപ്പോൾ ആശുപത്രിയിൽ പോകാറുണ്ട്. ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ലാത്ത അസുഖങ്ങളുമായാണ് ഞാൻ ആശുപത്രിയിൽ പോകുന്നത്. തലവേദന വരാറുണ്ടായിരുന്നുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ ആശുപത്രിയിൽ പോയി ഡ്രിപ്പ് ഇടേണ്ട അവസ്ഥ വന്നത് ആമ മോതിരം ഇട്ടശേഷമാണ്. ഇപ്പോഴിതാ നടുവിന് ചെറിയൊരു പണി കിട്ടി. രാത്രി ഉറങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അത്രത്തോളം വേദനയായിരുന്നു.
ജീവിതത്തിൽ ഇതുവരെ നടുവേദന വന്നിട്ടുള്ളയാളല്ല ഞാൻ. അതുകൊണ്ട് തന്നെ എന്താണ് സംഭവമെന്ന് മനസിലായില്ല. യൂറിനറി ഇൻഫെക്ഷനാണെന്നും ബാക്ടീരിയ ഉണ്ടെന്നും ടെസ്റ്റ് ചെയ്തപ്പോൾ മനസിലായി. വെള്ളം കുടിക്കുന്നതിൽ ഒരു കോംപ്രമൈസും ഞാൻ ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല'', എന്നാണ് ശ്രീക്കുട്ടി വ്ളോഗിൽ പറയുന്നത്.