
ബിഗ് ബോസ് മലയാളം സീസണ്‍ 7ന് ഗ്രാന്‍ഡ് ഫിനാലെയോടെ അവസാനമായത് കഴിഞ്ഞ വാരാന്ത്യത്തിലാണ്. സീരിയല്‍, ടെലിവിഷന്‍ താരം അനുമോള്‍ ആണ് കപ്പ് ഉയര്‍ത്തിയത്. പിആറിന്റെ പിന്തുണയോടെയാണ് അനുമോൾ ജയിച്ചതെന്ന ആരോപണം വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇപ്പോഴിതാ അനുമോളുടെ വിജയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടിയും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ വീണ നായർ. ജയിക്കാൻ പിആർ സഹായിച്ചിട്ടുണ്ടാകാമെന്നും എന്നാൽ ഗെയിം നന്നായി കളിക്കാതെ പിആർ കൊണ്ടു മാത്രം വിജയിക്കാനാകില്ലെന്നും വീണ പറയുന്നു.
''എല്ലാവരും എന്നോടു ചോദിക്കുന്നു, അനു ജയിച്ചപ്പോൾ എന്താണ് തോന്നിയതെന്ന്. സന്തോഷം, ഒരുപാട് സന്തോഷം. അല്ലാതെ എന്ത് തോന്നാൻ. ഒരുപാട് സ്ട്രഗിൾ ചെയ്ത് അഞ്ച് പൈസ പോലും കളയാതെ, ട്രിപ്പ് ഒന്നും പോകാതെ, പണം സ്വരുക്കൂട്ടി ജീവിക്കുന്ന ഒരു കൊച്ചാണ് അനു. ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടില്ല. ഒന്നു രണ്ടു പ്രാവശ്യം ഒരു ടിവിയിലെ പ്രോഗ്രാമിന് പോയപ്പോളാണ് കണ്ടിട്ടുള്ളത്. പക്ഷേ ഞാൻ അവളപ്പെറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ കൂടെയുള്ള ഒരു പെൺകുട്ടിയാണ്, വീടു നോക്കുന്ന പെൺകുട്ടിയാണ്. കുറച്ചു നാളത്തേക്ക് അവളുടെ സ്ട്രഗിൾ കുറഞ്ഞില്ലേ? കുറച്ചു നാൾ സമാധാനത്തോടെ ഇരിക്കാമല്ലോ. അതിൽ എനിക്ക് സന്തോഷം'', എന്ന് വീണ പറയുന്നു.
''പിന്നെ ഗെയിമിന്റെ കാര്യം ചോദിച്ചാൽ നന്നായി ഗെയിം കളിച്ച മൂന്നു പേർ തന്നെയാണ് ലാസ്റ്റ് വന്നത്. പിആർ ഒരു പരിധിവരെ സഹായിച്ചു എന്നുള്ളതും സത്യം തന്നെയാണ്. പക്ഷേ, ഗെയിം കളിക്കാതെ പിആർ കൊണ്ടു മാത്രം ആരും ജയിക്കില്ല. ഗെയിമും കളിക്കണം, പിആറും വേണം. എല്ലാവർക്കും പിആർ ഉണ്ടായിരുന്നു. ഇവിടെയുള്ള എല്ലാ ആർടിസ്റ്റുകൾക്കും പിആർ ഉണ്ട്, വലിയ വലിയ താരങ്ങൾക്ക് പിആർ ഉണ്ട്, പൊളിറ്റീഷ്യൻമാർക്കും പിആർ ഉണ്ട്'', എന്നും ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വീണാ നായർ പറഞ്ഞു.