
ബിഗ്ബോസ് മലയാളം സീസൺ 7 ൽ വലിയ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ഒരു പ്രസ്താവന ആയിരുന്നു ലെസ്ബിയൻ കപ്പിളായ ആദിലയെയും നൂറയെയും വീട്ടിൽ കയറ്റില്ല എന്ന് സഹമൽസരാർത്ഥിയായ വേദ് ലക്ഷ്മി പറഞ്ഞത്. വീട്ടിൽ കയറ്റിയില്ലെങ്കിലും സിറ്റൗട്ടിലെങ്കിലും ഇരുത്തും എന്നായിരുന്നു ലക്ഷ്മിയുടെ അമ്മ ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റും ട്രാൻസ്‍വുമണുമായ രഞ്ജു രഞ്ജിമാർ. ദ റിയാലിറ്റി ബെെ സരിക എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു രഞ്ജു.
''ആ സമയത്ത് നൂറയുടെ മുഖത്തുണ്ടായ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വിഷമം തോന്നി. അതേ ഡയലോഗ് ലക്ഷ്മിയുടെ അമ്മയും വന്നിട്ട് പറഞ്ഞു. വീട്ടിൽ കയറിയില്ലെങ്കിലും സിറ്റൗട്ടിൽ ഇരുത്തുമെന്ന് പറയുമ്പോൾ പട്ടികളും സിറ്റൗട്ടിൽ ഇരിക്കും. നീയൊക്കെ പട്ടികളാണ്, അവിടെ ഇരുന്നാൽ മതിയെന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചാണ് അവരത് പറഞ്ഞിരുന്നതെങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ അവിടെ നിന്നും ഇറങ്ങുമായിരുന്നുള്ളൂ. നിന്റെ സിറ്റൗട്ടിൽ വന്നിരിക്കാൻ ഞാൻ വരില്ല, പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കെടീ എന്ന് ഞാൻ പറഞ്ഞേനെ. അത്രയ്ക്ക് വേദനാജനകവും അരോചകവുമായ വാക്കാണ് ആ സ്ത്രീ അവിടെ പറഞ്ഞത്.
വിത്ത് ഗുണം പത്ത് ഗുണം എന്ന് പറയുന്നതാണ് അവിടെ സംഭവിച്ചത്. നമുക്ക് ഇഷ്ടമില്ലാത്ത പലരും ഉണ്ടാകും. പല സെലിബ്രിറ്റികളോടും സഹകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. മേക്കപ്പിന് വിളിച്ചാൽ ഞാൻ എസ്കേപ് ആകാറുമുണ്ട്. ചിലർ നമുക്ക് കംഫർട്ടബിൾ ആയിരിക്കില്ല. ചൊറിഞ്ഞ് കൊണ്ടിരിക്കും. മംമ്ത മോഹൻദാസും ഞാനും വർക്ക് ചെയ്യുമ്പോൾ നമുക്കിടയിൽ സിനിമാ ചർച്ചകൾ ഇല്ല. പ്രിയാമണിയുടെ കൂടെ വർക്ക് ചെയ്യുമ്പോഴും അങ്ങനെയാണ്. ജാൻമണി ദാസ് ബിഗ് ബോസിലുണ്ടായിരുന്നെങ്കിൽ ലക്ഷ്മി തീർന്നേനെ'', രഞ്ജു രഞ്ജിമാർ പറഞ്ഞു.