
ബിഗ് ബോസ് മലയാളം സീസൺ 9 ലെ വനിതാ മൽസരാർത്ഥികളുടെ പ്രകടനം മോശമാണെന്ന അഭിപ്രായവുമായി ബിഗ് ബോസ് മുൻ വിജയി കൂടിയായ അഖിൽ മാരാർ. ഷിബിന എവിക്ട് ആയിപ്പോയത് ദൗർഭാഗ്യകരമാണെന്നും ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറയുന്നു.
''ഷിബിന എവിക്ട് ആയിപ്പോയത് ദൗർഭാഗ്യകരമാണ്. വലിയ പ്രകടനമൊന്നും കാഴ്ച വെയ്ക്കാത്ത സുമേഷിനെപ്പോലെ ഉള്ള ഒരാൾ അവിടെ ഉണ്ടായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ പുറത്താകൽ. ഒരു മികച്ച മൽസരാർത്ഥി എന്ന നിലയിൽ ഷിബിനയുടെ എവിക്ഷൻ ശരിയായിരുന്നില്ല എന്നു വിശ്വസിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. ഷിബിന എവിക്ട് ആയിപ്പോയത് ദൗർഭാഗ്യകരമാണെന്ന് ഞാൻ പറയുന്നതിന് കാരണമുണ്ട്.
ബിഗ് ബോസ് ഹൗസിൽ നിലവിലുള്ള സ്ത്രീകളുടെ പ്രകടനം വളരെ മോശമാണ്. ഇതുവരെയുള്ള എല്ലാ സീസണുകളും നമ്മൾ എടുത്തു നോക്കിയാലും, ഈ സീസണിലാണ് ലേഡി കണ്ടസ്‌റ്റന്റുകൾ ഇത്രയും ദുർബലരായി പോയിട്ടുള്ളത്. കഴിഞ്ഞ സീസണുകളിൽ പല ലേഡി കണ്ടസ്‌റ്റന്റുകളും മിടുക്കരായിരുന്നു. വിന്നർ ആകാൻ പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥിയായിരുന്നു നമ്മുടെ ജാസ്‌മിൻ. ഞങ്ങളുടെ സീസണിൽ ഒന്നിലധികം ആൾക്കാർ ഉണ്ടായിരുന്നു. റിനീഷ, ശോഭ, സെറീന, ട്രാൻസ് കാറ്റഗറി ആണെന്നുണ്ടെങ്കിലും, ട്രാൻസ് വുമൺ ആയതുകൊണ്ട് തന്നെ നാദിറ. തുടക്കത്തിൽ എവിക്റ്റ് ആയി പോയ വൈബർ ഗുഡ് പോലും കാഴ്‌ച വച്ച പ്രകടനം മികച്ചതായിരുന്നു. സുഖമില്ലാതെ പുറത്തുപോയ ലച്ചു പോലും എടുത്തിട്ടുള്ള സ്‌റ്റാൻഡുകളും അഭിപ്രായങ്ങളും ഉണ്ട്. ലച്ചു ഏതാണ്ട് ആകെ നാലര അടിയേ ഹൈറ്റേ ഉള്ളൂ. ആ ലച്ചു എന്നോട് ഷൗട്ട് ചെയ്‌ത് സംസാരിച്ചിട്ടുണ്ട്. എനിക്കെതിരെ ശക്തമായി നിലപാടെടുത്തിട്ടുണ്ട്. എഞ്ചലിൻ, ഗോപിക, എല്ലാവരും മിടുക്കികളായിരുന്നു'', അഖിൽ മാരാർ പറഞ്ഞു.