
ടെലിവിഷന്‍ ഡാന്‍സ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ചതാണ് പൂജ കൃഷ്ണ. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കുറേക്കാലം ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിന്നു. അതിന് ശേഷമുള്ള തിരിച്ചുവരവ് യൂട്യൂബ് ചാനല്‍ അവതാരകയായിട്ടായിരുന്നു. അവതാരക എന്ന രീതിയിൽ പൂജ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അതിലൂടെ ബിഗ് ബോസ് ഷോ വരെ എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന പൂജ കൃഷ്ണന്‍ ആഴ്ചകള്‍ക്കുള്ളില്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പിന്മാറുകയും ചെയ്തിരുന്നു. ചുരുക്കം ദിവസങ്ങള്‍ മാത്രമേ ബിഗ് ബോസ് ഹൗസില്‍ താമസിച്ചുള്ളൂ എങ്കിലും അതിലൂടെ താനൊരു നല്ല ഗെയിമറും വ്യക്തിയുമാണ് എന്ന് തെളിയിക്കാന്‍ പൂജയ്ക്ക് സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പൂജ പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
പുതിയ കാർ വാങ്ങിയതിന്റെ വിശേഷങ്ങളാണ് പൂജ ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ ആണ് പൂജ സ്വന്തമാക്കിയത്. കാർ വാങ്ങാൻ പോകുന്നതിനു മുൻപ് അച്ഛനെ വിളിക്കുന്നതും ഇതേക്കുറിച്ച് സംസാരിക്കുന്നതും പൂജ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ഞാനൊരു കാർ എടുക്കാൻ പോവുകയാണ്. കുറച്ചധികം പൈസ ചെലവുള്ള കാര്യമാണ്. ഞാൻ അനാവശ്യമായി ചെലവാക്കുകയാണോ എന്നെനിക്കൊരു ഡൗട്ട്," എന്ന് പൂജ പറയുമ്പോൾ "അത് കുഴപ്പമില്ല. ജീവിതം ഒന്നല്ലേയുള്ളൂ അടിച്ചുപൊളിക്കൂ," എന്നാണ് അച്ഛൻ മറുപടി പറയുന്നത്.
പങ്കാളി അഖിലിനൊപ്പമാണ് പൂജ പുതിയ വാഹനം വാങ്ങാനായി ഷോറൂമിൽ എത്തിയത്. ''മാനിഫെസ്റ്റ് ചെയ്തു, അതിനായി പ്രയത്നിച്ചു, ഒടുവിലത് വാങ്ങി'', എന്ന അടിക്കുറിപ്പോടെയാണ് പൂജ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ജീവിതമേയുള്ളൂ, അടിച്ചുപൊളിക്ക് എന്നാണ് പൂജയുടെ വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.