
ആർജെ, വിജെ, ടെലിവിഷൻ അവതാരക, ഇൻഫ്ളുവൻസർ, നടി എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് വർഷ രമേശ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങറിന്റെ ഇപ്പോളത്തെ അവതാരക കൂടിയാണ് വർഷ. മലപ്പുറത്തെ ചെറിയൊരു ഗ്രാമത്തിൽ നിന്നു വരുന്ന തനിക്ക് ഇവിടം വരെ എത്തിയതും പല കാര്യങ്ങളും നേടിയതും ഓർക്കുമ്പോൾ അഭിമാനമാണ് തോന്നാറെന്ന് വർഷ പറയുന്നു. എംബിഎ പൂർത്തിയാക്കിയ വർഷ ജോലി ഉപേക്ഷിച്ചാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ചത്. മീഡിയ ഫീൽഡിലേക്ക് വരുന്നതിനോട് വീട്ടുകാർക്കു പോലും താത്പര്യം ഉണ്ടായിരുന്നില്ലെന്നും വർഷ കൂട്ടിച്ചേർത്തു. 'ഐ ആം വിത്ത് ധന്യ വർമ' എന്ന് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.
''എംബിഎ ലാസ്റ്റ് സെമസ്റ്റർ ആയപ്പോഴേ എനിക്ക് ക്യാംപസ് സെലക്ഷൻ കിട്ടിയിരുന്നു. ലാസ്റ്റ് സെമസ്റ്റർ പൂർത്തിയാക്കിയത് അവിടെ ജോലി ചെയ്തതുകൊണ്ടായിരുന്നു. ചിക്കൻപോക്സ് വന്നപ്പോൾ എനിക്ക് ലീവ് എടുക്കേണ്ടി വന്നു. ലീവ് ഒന്നും എടുക്കാൻ പറ്റില്ല എന്നു പറഞ്ഞ് മാനേജർ എന്നെ വഴക്കു പറഞ്ഞു. ആ വാശിക്ക് ഞാൻ ജോലി രാജി വെച്ചു. പരീക്ഷയൊക്കെ കഴിഞ്ഞ് കൊച്ചിയിൽ ഒരു മീഡിയ കമ്പനിയിൽ ചെറിയൊരു ജോലിക്കു കേറി. കണ്ടന്റ് ക്രിയേഷനായിരുന്നു ജോലി. അച്ഛന്റെ അടുത്ത് എനിക്കത് പറയാൻ പറ്റുമായിരുന്നില്ല. എച്ച്ആർ ആയി ജോലി കിട്ടിയെന്നാണ് അച്ഛനോട് പറഞ്ഞത്. പക്ഷേ അഭിനയിക്കാൻ പോകുകയാണെന്ന് അമ്മയോട് പറഞ്ഞിരുന്നു. ആ ചെറിയൊരു ജോലിയിൽ പിടിച്ചുകയറാനാണ് ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ഇതൊന്നും അവർക്ക് മനസിലാകില്ലല്ലോ.
അമ്മയാണ് എന്നെ എറണാകുളത്ത് കൊണ്ടു ചെന്നാക്കാൻ വന്നത്. അമ്മ തന്ന നാലായിരം രൂപ കൊണ്ടാണ് കൊച്ചിയിലെത്തിയത്. വീഡിയോ ഒക്കെ വരാൻ തുടങ്ങിയപ്പോൾ നാട്ടിൽ പലരും അറിഞ്ഞു. അങ്ങനെ അച്ഛനും അറിഞ്ഞു. അച്ഛൻ പലരെയും വിട്ട് അന്വേഷിച്ചപ്പോൾ ഞാനിവിടെ അഭിനയിക്കാൻ വന്നതാണെന്ന് അറിഞ്ഞു. അച്ഛനത് വലിയ പ്രശ്നമായിരുന്നു. അങ്ങനെ ഒന്നരക്കൊല്ലം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. റേഡിയോയിൽ ജോലി കിട്ടിയതിനു ശേഷമാണ് അച്ഛൻ പിന്നീട് സംസാരിച്ചത്'', എന്ന് വർഷ അഭിമുഖത്തിൽ പറഞ്ഞു.