
കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. ക്യാമറാമാൻ സുജിത്ത് വാസുദേവിനെയാണ് മഞ്ജു പിള്ള വിവാഹം ചെയ്തത്. അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞിരുന്നു. ഇവരുടെ മകൾ ദയ സുജിത്തും സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ്. ഇറ്റലിയിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ദയ നാട്ടിലെത്തിയത്. ഇരുവരും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. മകൾക്കു പേരിട്ടത് ഭർത്താവ് സുജിത്ത് ആണെന്ന് മഞ്ജു പറയുന്നു.
"മകൾക്ക് ദയ എന്ന പേരിട്ടത് സുജിത്ത് ആണ്. അത് ഒഫീഷ്യൽ പേരാണ്. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത ഒരു കാര്യം മോളുടെ പേരിൽ എങ്കിലും ഉണ്ടല്ലോ എന്നു പറഞ്ഞ് സുഹൃത്തുക്കൾ ഞങ്ങളെ കളിയാക്കാറുണ്ട്. എന്റെ അനിയന്റെ മോളുടെ പേര് ദക്ഷ എന്നാണ്, അതും സുജിത്താണ് നിർദേശിച്ചത്. ദയയെ വീട്ടിൽ വിളിക്കുന്നത് ജാനി എന്നാണ്. അമ്മയും സുജിത്തും കൂടി ചേർന്നാണ് ആ പേരിട്ടത്. ഹിന്ദു ആചാരപ്രകാരം നൂലുകെട്ട് ചടങ്ങിന് ഒരു പേര് കുഞ്ഞിന്റെ ചെവിയിൽ വിളിക്കണം. സാധാരണ പെൺകുട്ടികൾക്ക് ദേവിമാരുടെ പേരാണ് വിളിക്കുന്നത്. അന്ന് ഒരു ചെവിയിൽ ലക്ഷ്മി എന്നും മറ്റേ ചെവിയിൽ ജാനകി എന്നും വിളിച്ചു. ജാനകി എന്ന പേര് ഇപ്പോൾ ആരും വിളിക്കുന്നില്ല. ജാനി എന്നാണ് എല്ലാവരും വിളിക്കുന്നത്. എന്റെ ഓരോ മൂഡ് അനുസരിച്ച് ജാൻ, ജാനി, ജാനു, ജാനാ എന്നൊക്കെ ഞാൻ വിളിക്കും. ഞാൻ വിളിക്കുന്നത് കേൾക്കുമ്പോൾ അവൾക്ക് കാര്യം മനസിലാകും, ചിലപ്പോൾ എന്തെങ്കിലും കാര്യം സാധിക്കാനായിരിക്കും. സുജിത്ത് കൂടുതലും ജാനമ്മാ, ജാനാ എന്നൊക്കെ ആണ് വിളിക്കുന്നത്'', വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ മഞ്ജു പിള്ള പറഞ്ഞു.
അമ്മയുടെ വിളി കേട്ടാൽ തന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാം എന്നായിരുന്നു ദയയുടെ പ്രതികരണം. വീട്ടിൽ ആർക്കും തന്നെ ദയ എന്ന പേര് അറിയില്ലെന്നും അതൊരു യൂണീക്ക് പേരാണെന്നും ദയ പറഞ്ഞു.