
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍തിരുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോ ആണ് ആര്യ ബഡായിയും രമേഷ് പിഷാരടിയും. സിനിമാ, ടെലിവിഷൻ രംഗത്ത് സജീവമായ ഇരുവരും ഇപ്പോൾ തങ്ങളുടേതായ മേഖലകളിൽ തിരക്കിലാണ്. കാഞ്ചീവരം എന്ന ബിസിനസ് സംരംഭവുമായി ആര്യ മുന്നോട്ടു പോകുമ്പോൾ പൊതുപ്രവർത്തനവുമായി തിരക്കിലാണ് രമേഷ് പിഷാരടി. വർഷങ്ങൾ നീണ്ട തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് ആര്യ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''എനിക്ക് ബഡായി ബംഗ്ലാവിന് മുമ്പ് രമേശേട്ടനെ അധികം അറിയില്ല. ബഡായി ബംഗ്ലാവിലൂടെ കിട്ടിയ ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അദ്ദേഹവുമായുള്ള സൗഹൃദമാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുപ്പമുണ്ട്. ബഡായി ബംഗ്ലാവിന്റെ സമയത്താണ് എന്റെ കരിയർ ക്ലച്ച് പിടിച്ച് വരുന്നത്. ആ സമയത്ത് ഞാൻ കൺഫ്യൂഷനിലാണ്. പേയ്മെന്റ് എങ്ങനെയാണ് പറയേണ്ടത് പോലും എനിക്കറിയില്ല.
എല്ലാ കാര്യത്തിലും എന്നെ കൃത്യമായി ഗെെഡ് ചെയ്തിരുന്നത് രമേശ് പിഷാരടിയാണ്. എനിക്ക് ധെെര്യമായി വിളിച്ച് ചോദിക്കാം. എപ്പോൾ ഫോൺ ചെയ്താലും എടുക്കും. നമ്മളോട് ഭയങ്കര ആത്മാർത്ഥ കാണിക്കുന്ന മനുഷ്യനാണ്. എനിക്ക് തിരിച്ചും അങ്ങനെയാണ്. നല്ല സുഹൃത്തും മെന്ററുമാണ്. കാഞ്ചീവരം ഉദ്ഘാടനത്തിന്റെ കാര്യം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് നീ ഡേറ്റ് പറ, ഞാൻ എത്തിയിരിക്കും എന്നാണ്. കട നന്നായി പോകുന്നോ എന്നൊക്കെ ഇടയ്ക്ക് വിളിച്ച് ചോദിക്കും. ആരാണ് ഉദ്ഘാടനം ചെയ്തത്, അതിന്റെ ഐശ്വര്യം കാണാനുണ്ടെന്ന് ഞാൻ തിരിച്ച് പറയും. ഞാൻ ജീവിതത്തിൽ നല്ല നിലയിൽ മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് രമേശ് പിഷാരടി'', എന്നാണ് റിപ്പോർട്ടർ ബിസിനസിനു നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നത്.