
അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. ഒരു ലൈഫ് കോച്ച് എന്ന നിലയിലും താരം പ്രശസ്തയാണ്. അവതരണം, അഭിനയം എന്നീ കാര്യങ്ങളെക്കാൾ തനിക്കിഷ്ടമുള്ള മേഖലയാണ് ലൈഫ് കോച്ചിങ്ങെന്ന് അശ്വതി പറയുന്നു.
''അഭിനയത്തെക്കുറിച്ചൊക്കെ ആളുകൾ നല്ലതു പറയുമ്പോൾ സന്തോഷമുണ്ട്. പക്ഷേ, അഭിനയം എനിക്കൊരിക്കലും ഭയങ്കരമായ സന്തോഷം തന്നിട്ടില്ല. അതിനേക്കാളും ആസ്വദിച്ചത് റേഡിയോയിൽ പ്രോഗ്രാം ചെയ്തപ്പോളാണ്. ഒറ്റക്കിരിക്കാനൊക്കെ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാൻ. കുറച്ചു ദിവസത്തേക്ക് ഷൂട്ടില്ല എന്നു പറഞ്ഞാലും ഞാൻ ഓക്കെയാണ്. കുറേ ആളുകളൊക്കെയുള്ള വലിയൊരു ഇവന്റിലൊക്കെ പങ്കെടുക്കണമെങ്കിൽ ഞാൻ എന്നെത്തന്നെ തയ്യാറാക്കി, പുഷ് ചെയ്തിട്ടാണ് പോകുക. കുറച്ചു കഴിയുമ്പോൾ ഞാൻ ഓക്കെയാകും, പക്ഷേ അതിലേക്ക് എന്നെ എത്തിക്കാൻ ബുദ്ധമുട്ടാണ്. ഒരു പ്രോഗ്രാം മാറ്റിവെച്ചു എന്നു കേട്ടാൽ സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമാണ് തോന്നുക. ആൾക്കൂട്ടങ്ങളും ബഹളങ്ങളുമൊക്കെ അധികം ഇഷ്ടമുള്ളയാളാണ് ഞാൻ'', എന്നാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അശ്വതി ശ്രീകാന്ത് പറഞ്ഞത്.
താനൊരു അന്തർമുഖയാണെന്നും (ഇൻട്രോവെർട്ട്) അത്തരക്കാർ ജീവിതം ആസ്വദിക്കില്ല എന്നു പറയുന്നത് വെറും തെറ്റിദ്ധാരണയാണെന്നും അശ്വതി പറയുന്നു. ''അന്തർമുഖരായിട്ടുള്ളവർക്കും ആളുകളുടെ കൂടെയിരുന്ന് സന്തോഷിക്കാനൊക്കെ പറ്റും. അത്തരക്കാർ ഭയങ്കര ഗ്ലൂമിയായിട്ട് ഇരിക്കുന്നവരാണ് എന്നാണ് പൊതുവേ ആളുകളുടെ ധാരണ. അന്തർമുഖരായിട്ടുള്ളവരുടെ എനർജി ഉള്ളിലാണ്. കുറച്ചു നേരം സോഷ്യലൈസ് ചെയ്താൽ, അതിനു ശേഷം അവർ ചിലപ്പോൾ ഒറ്റക്ക് ഇരുന്നാലേ ശരിയാകൂ. അന്തർമുഖരായിട്ടുള്ളവർക്ക് സോഷ്യൽ ആംഗ്സൈറ്റി ഉണ്ടാകണം എന്ന് നിർബന്ധമൊന്നുമില്ല. അവർക്ക് സ്റ്റേജ് ഹാൻഡിൽ ചെയ്യാനൊക്കെ സാധിക്കും, സ്വയം കുറച്ച് പുഷ് ചെയ്യണം എന്നു മാത്രം'', എന്നും അശ്വതി പറഞ്ഞു.