
കൊച്ചി: ആരാധകർ ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു ബിഗ്ബോസ് താരം റോബിന്റെയും സംരംഭകയും ഇൻഫ്ളുവൻസറുമായ ആരതി പൊടിയുടേതും. ഇപ്പോൾ വിവാഹശേഷമുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള റോബിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ആരതി പൊടി ജീവിതത്തിന്റെ ഭാഗമായതിനു ശേഷം പല കാര്യങ്ങളും നിയന്ത്രിക്കാൻ പഠിച്ചെന്നും റോബിൻ പറയുന്നു.
''വിവാഹം കഴിഞ്ഞതിന് ശേഷം എന്താണ് മാറ്റം വന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്. എനിക്കിപ്പോൾ 37 വയസുണ്ട്. മൂന്ന് വർഷമായി എനിക്ക് പൊടിയെ അറിയാം. പൊടി ജീവിതത്തിലേക്കു വന്നതിനു ശേഷം ചില കാര്യങ്ങൾ ഞാൻ നിയന്ത്രിക്കാൻ പഠിച്ചു. ഭയങ്കരമായി ദേഷ്യപ്പെട്ടിരുന്ന, അഗ്രസീവ് ആയിരുന്ന റിയാക്ട് ചെയ്തിരുന്ന രീതിയൊക്കെ കുറഞ്ഞു. ഇപ്പോൾ എല്ലാത്തിനും ഒരു നിയന്ത്രണം ഉണ്ട്. പ്രായം ആകുമ്പോൾ സ്വാഭാവികമായും ഒരു നിയന്ത്രണം വരും'', സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ റോബിൻ പറഞ്ഞു.
''ബിഗ് ബോസിന് മുൻപ് ഞാൻ, വളരെ സൈലന്റ് ആയിരുന്നു. വലിയ കഴിവൊന്നും ഉണ്ടായിരുന്നില്ല. പരമാവധി പ്രശസ്തി നേടുക, എന്നതായിരുന്നു ആഗ്രഹം. ബിഗ് ബോസിലൂടെ കിട്ടുന്ന പ്രശസ്തി അതുപോലെ നിലനിർത്തണമെന്ന് ആഗ്രഹിച്ചു. പല കാര്യങ്ങളും ചെയ്തു. കണ്ടന്റിന് വേണ്ടി തന്നെ ചിലത് ചെയ്തിട്ടുണ്ട്.
എന്നാൽ റിയൽ ലൈഫും റീൽ ലൈഫും വേറെയാണ്. ഇപ്പോൾ എന്റെ കൂടെ സപ്പോർട്ട് സിസ്റ്റം ആയി പൊടി കൂടി വന്നു. ഇത്രയും അഗ്രസീവായ ഒരാളെ വേണോ എന്നൊക്കെ ഞാൻ ചോദിക്കാറുണ്ട്. പൊടി ഭയങ്കര പാവമാണ്. പൊടിക്ക് എന്നെ നന്നായി അറിയാം. പൊടിക്ക് കല്യാണം കഴിക്കാൻ വേറെ പതിനായിരം ചെക്കൻമാരെ കിട്ടും. എന്നിട്ടും പൊടി എന്നെ തിരഞ്ഞെടുത്തെങ്കിൽ എന്നിൽ എന്തോ നല്ലതുണ്ട്'', റോബിൻ കൂട്ടിച്ചേർത്തു.