
ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ ജനഹൃദയങ്ങൾ ഏറ്റെടുത്ത താരമാണ് കോമണർ ആയെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും അനീഷ് സജീവമാണ്. ആദ്യമായി താൻ പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ചാണ് അനീഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്റെ ഓർമയിൽ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് അനീഷ് പറയുന്നു.
"എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേൽ വിപുലമായി ആഘോഷിച്ചിട്ടില്ല. അതിനു കാരണങ്ങൾ പലതാണ്. പ്രധാനമായി എന്റെ പിറന്നാൾ മെയ് 20 നാണ് എന്നുള്ളത് തന്നെ. ചെറുപ്പത്തിൽ ആ സമയത്ത് സ്കൂളും, കോളേജും അവധിയിലാകും. അപ്പോൾ പിന്നെ ആഘോഷിക്കാൻ അവസരമില്ല. മുതിർന്നപ്പോൾ എന്തുകൊണ്ടോ ഞാനത് ആഘോഷിക്കാറില്ല. ആ ദിവസം സാധാരണ ദിവസം പോലെ കടന്നുപോകും. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അങ്ങനെ പോരല്ലോ എന്നൊക്കെ. എങ്കിലും ഞാനത് കാര്യമായി എടുത്തില്ല.
എന്നാൽ ഈ വർഷം എന്റെ പ്രതീക്ഷകൾക്കും അപ്പുറത്ത് കാര്യങ്ങൾ സംഭവിച്ചു. മെയ് 20 നാണ് എന്റെ പിറന്നാൾ എന്ന് ബിഗ്ബോസിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ അതിന്റെ യാതൊരു സൂചനയും കൊടുത്തിരുന്നില്ല. എങ്കിലും ഒരുപാട് പേർ അതോർത്തുവെച്ച് എന്നെ വിഷ് ചെയ്തു. സർപ്രൈസ് ഗിഫ്റ്റുകളും, കേക്കുകളും അയച്ചുതന്നു. സർവോപരി നിങ്ങളുടെ സ്നേഹവും, പ്രാർത്ഥനയും തന്നു. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഞാനിതിന് അർഹനാണോ എന്നുപോലും അറിയില്ല. എങ്കിലും പറയുകയാണ്, ഹൃദയം കൊണ്ട് പറയുകയാണ്. നന്ദി.. ഒരുപാട് നന്ദി", അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആർജെ ബിൻസി അടക്കമുള്ള ബിഗ്ബോസിലെ അനീഷിന്റെ സഹതാരങ്ങളും നിരവധി ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.