
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത് . താരവിവാഹത്തിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള നിരവധി വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവർക്കുമെതിരെ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായാണ് ഇവരുടെ പുതിയ അഭിമുഖം.
''ക്രിസിന്റെ പണം കണ്ടിട്ടാണ് ഞാൻ കല്യാണം കഴിച്ചതെന്നാണ് ചിലർ പറയുന്നത്. പണിയെടുത്ത് അന്തസായിട്ടു തന്നെയാണ് ഞാൻ ജീവിക്കുന്നത്. ഇപ്പോൾ പണിയെടുക്കാനുള്ള ആരോഗ്യമുണ്ട്. അല്ലാതെ ആരുടെയും സ്വത്ത് കണ്ടിട്ടല്ല. സ്വത്തൊക്കെ ഉണ്ട് ആവശ്യത്തിന്. പക്ഷേ, അതു കണ്ടിട്ടല്ല വിവാഹം കഴിച്ചത്'', മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ദിവ്യ ശ്രീധർ പറഞ്ഞു. കല്യാണം നടത്തിയതു പോലും തങ്ങളുടെ പണം കൊണ്ടാണ് എന്നായിരുന്നു ക്രിസിന്റെ പ്രതികരണം. ''സ്വത്ത് കണ്ടിട്ടാണ് വിവാഹം കഴിച്ചത് എന്ന് വിമർശിക്കുന്നവർ ആർക്കെങ്കിലും വെറുതേ ഒരു പതിനായിരം രൂപ കൊടുക്കുമോ? ബൈബിളിൽ പറയുന്നതു പോലെ നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം എന്നെ കല്ലെറിയട്ടെ എന്നാണ് എനിക്കു പറയാനുള്ളത്'', എന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു.
''ഞാനൊരു പച്ചയായ മനുഷ്യ സ്ത്രീയാണ്, അമ്മച്ചിയായല്ലോ, എന്നൊക്കെ ചിലർ പറയാറുണ്ട്. ഞാൻ പണ്ടേ അമ്മച്ചിയായതാണ്. രണ്ടു കുട്ടികളുണ്ട്. മോൾക്ക് 18 വയസ് കഴിഞ്ഞു. മോന് 10 വയസാകുന്നു. കെട്ടിക്കാൻ പ്രായമായ മോളില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. അതിനിപ്പോ എന്താ? കെട്ടിക്കാൻ പ്രായമായ മക്കൾ ഉള്ളവർക്ക് വിവാഹം കഴിച്ചുകൂടേ? ഒറ്റക്ക് ജീവിക്കാൻ പറ്റുമെങ്കിൽ അതാണ് നല്ലത്. പാർട്ണറെ കണ്ടുപിടിക്കാൻ പറ്റുന്നെങ്കിൽ അതും നല്ലത്. മക്കളെ കണ്ടിട്ടൊന്നും മുൻപോട്ട് പോകരുത്. മക്കൾ തന്നെ നേരിട്ട് മുൻകൈയെടുത്ത് നടത്തുന്ന എത്രയോ വിവാഹങ്ങളുണ്ട്'', ദിവ്യ ശ്രീധർ കൂട്ടിച്ചേർത്തു.