
സോഷ്യൽ മീഡിയയിലെ സജീവ ബ്യൂട്ടി കണ്ടെന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി വ്ലോഗുകൾക്കൊപ്പം തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിന് 14.7 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. സ്വന്തം വരുമാനം കൊണ്ട് മാത്രം വീടും കുടുംബവും നോക്കുന്ന ഗംഗ പലര്‍ക്കുമൊരു പ്രചോദനം കൂടിയാണ്.
വിവാഹിതയാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഗംഗ. സുഹൃത്തായ വിഷ്ണുവാണ് ഗംഗയുടെ പ്രതിശ്രുത വരന്‍. രണ്ട് ദിവസം മുമ്പായിരുന്നു ഗംഗയുടെ വിവാഹ നിശ്ചയം നടന്നത്. വളരെ മിനിമല്‍ ആന്‍ഡ് സിംപിളായ ഒരു എൻഗേജ്‌മെന്‍റ് പ്രോഗ്രാം ആണ് ഗംഗയും വിഷ്ണവും കൂടി നടത്തിയത്. ഇരുവരുടെയും ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള പരിപാടിയായിരുന്നു.
'എനിക്കൊരു ഇംഗ്ലീഷ് സ്റ്റൈൽ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ വളരെ മിനിമല്‍ രീതിയിലാണ് എൻഗേജ്‌മെന്‍റ് നടത്തിയത്. ഒരു റിങ് എക്സ്ചേഞ്ച് ഫോട്ടോഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തത്. അത് പിന്നീട് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പരിപാടിയാവുകയായിരുന്നു'- ഗംഗ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഇളം നീല നിറത്തിലുള്ള സ്ഫോറ്റ് സാറ്റിൻ ഡ്രസ്സിലാണ് ഗംഗ എൻഗേജ്‌മെന്‍റിന് എത്തിയത്. അതേ നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്‍റ്സുമായിരുന്നു അപ്പുവിന്‍റെ വേഷം. മിന്നാരം ഡിസൈനര്‍ ബുട്ടീക്കാണ് ഗംഗയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. സാറ്റിൻ ഡ്രസ്സില്‍ സൈഡ് സ്ലിറ്റും സ്ലീവ്സിന്‍റെ അവിടെ റൈൻഡ് സ്റ്റോണ്‍ വർക്കും ചെയ്തിട്ടുണ്ടായിരുന്നു. ബ്ലാക്ക് തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മറ്റുള്ളവര്‍ പരിപാടിക്ക് എത്തിയത്. വീഡിയോ പങ്കുവച്ചപ്പോള്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും കൂടുതലും പോസിറ്റീവ് കമന്‍റുകളാണ് വന്നതെന്നും ഗംഗ പറയുന്നു. 'നെഗറ്റീവ് കമന്‍റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകും'- ഗംഗ കൂട്ടിച്ചേര്‍ത്തു.