
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വ്ളോഗറുമായ ഗ്ലാമി ഗംഗയുടെ വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ ആഘോഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആഘോഷത്തിന് ഇട്ട പേര് വിമര്‍ശിക്കപ്പെട്ടിരുന്നു. പാണ്ടി നൈറ്റ് എന്നായിരുന്നു പരിപാടിക്ക് പേരിട്ടിരുന്നത്. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ ഇത് വംശീയതയാണെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗംഗ.
''ഒരിക്കലും ഒരു ജാതിയെയോ കുലത്തെയോ അവഹേളിച്ചുകൊണ്ടല്ല അങ്ങനെ ഒരു പേരിട്ടത്, ആ പേര് ഇട്ടതും ഞാനല്ല. ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് അങ്ങനെ ഒരു ആഘോഷത്തെ കുറിച്ച് അറിഞ്ഞത്. കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യണം എന്ന് തോന്നി. അല്ലാതെ ഒരിക്കലും തമിഴ്‌നാട്ടുകാരെ അവഹേളിച്ചതല്ല, തമിഴ്‌നാടുമായും, ആ നാട്ടുകാരുമായും എനിക്ക് നല്ല ബന്ധവും സ്‌നേഹവും തന്നെയാണ്'', ഗംഗ വ്യക്തമാക്കി.
''ഇത് പോലെയുള്ള പരിപാടിയൊന്നും നടത്തരുത് എന്ന് വേറെ ചില ആളുകള്‍ കമന്റ് ചെയ്യുന്നതു കണ്ടു. ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്. ഞങ്ങള്‍ ചെയ്യുന്നത് കണ്ട് നിങ്ങളാരും ഇതൊന്നും ചെയ്യരുത്. എന്നെയും അപ്പുവിനെയും സംബന്ധിച്ച് കല്യാണം നടക്കുമ്പോള്‍ ഒരിക്കലും അത് അച്ഛനും അമ്മയ്ക്കുമൊന്നും ബാധ്യതയാവരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവരെ ബുദ്ധിമുട്ടിക്കാതെയാണ് ഞങ്ങളിത് നടത്തുന്നത്. നിങ്ങള്‍ സ്വന്തമായി അധ്വാനിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നവരാണെങ്കില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതി'', ഗംഗ കൂട്ടിച്ചേർത്തു.
സാധാരണ കണ്ടുവരുന്ന ഹൽദിക്ക് പകരം തീർത്തും വ്യത്യസ്തമായ രീതിയിലായിരുന്നു ഗ്ലാമി ഗംഗ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷം സംഘടിപ്പിച്ചത്. ഗെയിമുകളും, പാട്ടും, ഡാൻസും നിറഞ്ഞ ഒരു വൈബ് നൈറ്റ് തന്നെയാണ് ഗംഗയും വിഷ്ണുവും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി ഒരുക്കിയത്. വരനും വധുവുമടക്കം സംസാരിച്ചതുപോലും തമിഴിലാണ്. ഈ ആഘോഷത്തെ ഒരു കൂട്ടർ ഏറ്റെടുത്തെങ്കിലും മറുവശത്ത് ഇതിനെച്ചൊല്ലി വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിലാണ് ഗംഗ പ്രതികരണവുമായി എത്തിയത്.