സിനിമ-സീരിയൽ താരം മാളവിക വെയിൽസ് അമ്മയുടെ പിറന്നാളിന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.


