
ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തിനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും ആളുടെ പേരോ മുഖമോ ഗംഗ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിവാഹം കഴിക്കാൻ പോകുന്നയാളുമൊത്ത് ഒരു ടെംപിള്‍ ഡേറ്റിന് വേണ്ടിയുള്ള, ഗെറ്റ് റെഡി വിത്ത് മി വീഡിയോയാണ് ഗംഗം ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിലും വരൻ ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും ആളുടെ സ്വഭാവത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ ഗംഗ പറയുന്നുണ്ട്. സ്ഥിരമായി ആരാധനാലയങ്ങളിൽ പോകുന്നയാളാണ് താനെന്നും എന്നാൽ വിവാഹം കഴിക്കാൻ പോകുന്നയാൾ അങ്ങനെയല്ലെന്നും ഗ്ലാമി ഗംഗ പറയുന്നു.
"കുഞ്ഞിലേ മുതലേ എനിക്ക് അമ്പലത്തില്‍ പോകാനും അവിടുത്തെ പോസിറ്റീവ് വൈബില്‍ അൽപനേരം ഇരിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. അമ്പലത്തില്‍ മാത്രമല്ല, പള്ളിയിലും ഞാനങ്ങനെ പോയിരിക്കാറുണ്ട്. ഒരു സങ്കടം വന്നാലും സന്തോഷം വന്നാലും ഒരു ഫ്രണ്ടിനോട് എന്നത് പോലെ അവിടെ പോയിരുന്ന് ദൈവത്തോട് സംസാരിക്കും. പക്ഷേ ഇന്നത്തെ അമ്പലത്തില്‍ പോക്കിലൊരു ട്വിസ്റ്റ് ഉണ്ട്. പൊതുവേ അമ്പലത്തില്‍ പോകുന്ന കാര്യത്തിന് ഞാനാണ് മുന്‍കൈ എടുക്കാറുള്ളത്. പക്ഷേ ഇന്നലെ ഒരാള്‍ വിളിച്ചിട്ട് എന്നോട് പറഞ്ഞു, നമുക്ക് നാളെ അമ്പലത്തില്‍ പോകാം എന്ന്. ആദ്യമായിട്ടാണ് ആ പുള്ളിക്കാരന്‍ എന്നെ അമ്പലത്തില്‍ പോകാന്‍ വിളിക്കുന്നത്."
"പല തവണ അമ്പലത്തിന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തിയിട്ട്, എടാ വാടാ, അകത്തേക്ക് കയറാം എന്ന് പറഞ്ഞാലും അവന്‍ പറയാറുള്ളത്, ദൈവവും അവനുമായിട്ട് സെറ്റാവില്ല എന്നാണ്. വെറുതേ പറയുന്നതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇക്കാലം വരെ ഞങ്ങള്‍ ഒരുമിച്ച് അമ്പലത്തില്‍ പോയോപ്പോഴൊന്നും, ഒരിക്കലും അവന്‍ അകത്തേക്ക് കയറിയിട്ടില്ല. ആദ്യമായിട്ടാണ് ഇപ്പോള്‍ എന്നെ വിളിച്ചിട്ട് അമ്പലത്തില്‍ പോകാം എന്ന് പറഞ്ഞത്. അതെനിക്കും ഒരു അത്ഭുതമായി തോന്നി. ഇത്രയും കാലം അമ്പലത്തില്‍ പോകാത്ത ഒരാളെയാണ് ഞാനിപ്പോള്‍ വിവാഹം ചെയ്യാനായി പോകുന്നത്" ഗ്ലാമി ഗംഗ വീഡിയോയിൽ പറഞ്ഞു.