
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു നേര്. അഡ്വ. വിജയമോഹൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രം കൂടിയായിരുന്നു ഇത്. അനശ്വര രാജൻ ആയിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്റടാതെ അവതരിപ്പിച്ചത്. ഇപ്പോഴിതാ അഡ്വ. വിജയമോഹൻ എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടുമെത്തുമെന്ന് പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.
തന്റെ പുതിയ സിനിമയായ വലതുവശത്തെ കള്ളൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് റെഡിറ്റിൽ നടന്ന ഒരു ചർച്ചയിൽ കമന്റായാണ് ജീത്തു പുതിയ പ്രോജക്ടിനെ കുറിച്ച് പറഞ്ഞത്. നേരിന് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യത്തിന് രണ്ടാം ഭാഗമായല്ല ആ കഥാപാത്രത്തെ വച്ച് മറ്റൊരു സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ജീത്തു മറുപടി പറഞ്ഞത്.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് രചിച്ച നേര് ആ വർഷത്തെ വലിയ വിജയമായ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 100 കൊടിയും ചിത്രം നേടിയിരുന്നു. പ്രിയാമണി, സിദ്ധിഖ്, ജഗദിഷ്, ശങ്കർ ഇന്ദുചൂഡൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ രണ്ടിനാണ് ചിത്രമെത്തുന്നത്. 2021 ലായിരുന്നു ദൃശ്യം 2 പുറത്തിറങ്ങിയത്. ഒടിടി റിലീസ് ചെയ്ത ചിത്രം നേടാതെ പോയ ബോക്സ് ഓഫീസ് റെക്കോർഡുകൾ കൂടിയാണ് ദൃശ്യം 3 ലക്ഷ്യം വയ്ക്കുന്നത്. അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ അവസാന ചിത്രം. ഈ വർഷത്തെ ഓണച്ചിത്രമായി എത്തിയ ഹൃദയപൂർവ്വം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളും നേടിയിരുന്നു.