
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്‍മി പ്രേക്ഷകര്‍ക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. വ്‌ളോഗിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ലക്ഷ്മി തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്കു ശേഷം ലക്ഷ്‍മി നക്ഷത്ര പങ്കുവെച്ച വ്ളോഗും ശ്രദ്ധിക്കപ്പെടുകയാണ്. ആരാധകർ ചോദിച്ച ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു താരം. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടും ഈ വ്ളോഗിൽ ലക്ഷ്‍മി പ്രതികരിക്കുന്നുണ്ട്. സമയം ആവുമ്പോൾ സംഭവിക്കും എന്നതായിരുന്നു ലക്ഷ്മിയുടെ ഉത്തരം.
''ഷോകൾ വരുന്നതും വീട് വയ്ക്കുന്നതും വണ്ടി വാങ്ങുന്നതും പോലെ തന്നെയാണ് വിവാഹവും, അത് സംഭവിക്കുമ്പോൾ സംഭവിക്കും. കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോൾ, ക്ലീഷേ ഡയലോഗ് ആണെന്ന് തോന്നാം, എന്നാലും എന്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ എന്നേ എനിക്ക് പറയാനുള്ളത്. നിലവിൽ വിവാഹത്തെ കുറിച്ച് ഒരു പ്ലാനും ഇല്ല. പക്ഷേ നാളെ എന്ത് എന്ന് നമുക്കൊന്നും പറയാൻ കഴിയില്ല. റിയൽ ലൈഫിലെ കാര്യം പറയുകയാണെങ്കിൽ, ഇന്ന് കാണുന്നവരെ നാളെ കാണുമോ എന്നും പറയാൻ പറ്റില്ല.
പ്രണയമുണ്ടോ എന്ന് ചോദിച്ചാൽ, അതുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ പേരിൽ എയറിൽ കയറാൻ താത്പര്യമില്ലാത്തതുകൊണ്ടാണ്'', ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.
മാതാപിതാക്കളുടെ ഒറ്റ മോളായതു കൊണ്ടുള്ള വിഷമം തനിക്കുണ്ടെന്നും ആരാധകരിലൊരാളുടെ ചോദ്യത്തിനു മറുപടിയായി ലക്ഷ്‍മി പറഞ്ഞു. ''അച്ഛനും അമ്മയ്ക്കും ഇനിയൊരു കുഞ്ഞ് ഉണ്ടായാൽ എന്നോടുള്ള സ്നേഹം കുറയുമെന്ന് ചെറുപ്പത്തിൽ എന്റെ ബന്ധുക്കളിൽ ചിലർ പറഞ്ഞിരുന്നു. അതു വിശ്വസിച്ച ഞാൻ, അന്ന് അവർ ഒരുമിച്ചിരിക്കുമ്പോൾ പോലും പ്രശ്നമുണ്ടാക്കിയിരുന്നു. അത്രയും പൊസസ്സീവ് ആയിരുന്നു. ഇപ്പോൾ അതിന്റെ വിഷമം ശരിക്കും മനസിലാക്കുന്നുണ്ട്. ഒരു കൂടപ്പിറപ്പ് ഇല്ലാത്തത് വലിയൊരു വേദന തന്നെയാണ്'', ലക്ഷ്‍മി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക