
സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും സൈബർ അറ്റാക്കുക്കളും നേരിടുന്നയാളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം റീലുകളിലൂടെയും ഷോർട്ഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയുമെല്ലാം സജീവമാണ് രേണു. ഇതിനിടെ, സുധിയുടെ ആദ്യ വിവാഹത്തിലെ മകനായ കിച്ചുവിനെ പുറത്താക്കി എന്ന തരത്തിലെല്ലാം രേണുവിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഇളയ മകൻ റിതുക്കുട്ടനെക്കാൾ അൽപം സ്നേഹം കൂടുതൽ കിച്ചുവിനോടാണെന്നും തന്നെ ആദ്യം അമ്മ എന്നു വിളിച്ചത് കിച്ചുവാണെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇതിനിടെ, കിച്ചു നൽകിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.
തന്റെ കാര്യങ്ങളെല്ലാം അമ്മ നന്നായി നോക്കാറുണ്ടെന്നും പഠനാവശ്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കുമെല്ലാമുള്ള പണം അമ്മ തന്നെയാണ് തരുന്നതെന്നും കിച്ചു പറയുന്നു. ഇപ്പോഴും താൻ വീട്ടിലെത്തിയാൽ നല്ല ഭക്ഷണം ഉണ്ടാക്കിത്തരാറുള്ള ആൾ തന്നെയാണ് രേണുവെന്നും കിച്ചു അഭിമുഖത്തിൽ വ്യക്തമാക്കി. ''റിതുക്കുട്ടൻ ഇടക്ക് വീഡിയോ കോൾ ചെയ്യും. ചേട്ടൻ വീട്ടിലേക്കു വാ എന്നൊക്കെ പറയും. അവനെ കാണണം എന്നു തോന്നുമ്പോൾ ഞാൻ വീട്ടിലേക്കു പോകും. എനിക്കവിടെ സ്വന്തമായി ഒരു മുറിയുണ്ട്. വീട്ടിലെത്തിയാൽ കൂടുതൽ സമയവും ആ മുറിക്കകത്തു തന്നെയായിരിക്കും'', എന്ന് കിച്ചു കൂട്ടിച്ചേർത്തു.
അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണെന്നും തനിക്കതിൽ പ്രശ്നമൊന്നും ഇല്ലെന്നും സോഷ്യൽ മീഡിയിൽ വരുന്ന നെഗറ്റീവ് കമന്റുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും കിച്ചു പറഞ്ഞു. വീണ്ടുമൊരു വിവാഹം കഴിക്കണോ എന്നതും അമ്മയുടെ ഇഷ്ടമാണെന്നും അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ടെന്നും അതിൽ തനിക്ക് പ്രത്യേകിച്ചൊരു അഭിപ്രായവുമില്ലെന്നും കിച്ചു കൂട്ടിച്ചേർത്തു. രേണു വീണ്ടും വിവാഹം കഴിക്കുകയാണെങ്കിൽ കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ മെെൻഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യും എന്നായിരുന്നു മറുപടി. മെയ്ൻ സ്ട്രീം ഒൺ കേരളം എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..