
സീരിയൽ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ലക്ഷ്‍മി പ്രമോദ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ സ്മൃതി എന്ന വില്ലത്തി കഥാപാത്രമാണ് ലക്ഷ്മിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇതുകൂടാതെ സാഗരം സാക്ഷി, ഭാഗ്യജാതകം എന്നിങ്ങനെ നിരവധി സീരിയലുകളിലും ലക്ഷ്മി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കൾ, സീ കേരളത്തിലെ പൂക്കാലം വരവായ് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്‍മി പങ്കുവയ്ക്കാറുണ്ട്. രണ്ടു മക്കളാണ് ലക്ഷ്മിക്കുള്ളത്.
തനിക്കു നേരെ വരുന്ന ബോഡി ഷെയ്മിംഗ് കമന്റുകളോടുള്ള പ്രതികരണമാണ് ലക്ഷ്മിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ''ഒരു പോസ്റ്റ് ഇട്ടാൽ അതിൽ കുറഞ്ഞത് രണ്ട് കമന്റ് എങ്കിലും വരും, തടി കൂടിയല്ലോ, വയർ ചാടിയല്ലോ എന്നൊക്കെ പറഞ്ഞ്. ഓരോ കമന്റിലും ചെന്ന് പറയാൻ തോന്നും ഞാൻ 2 കുട്ടികളുടെ അമ്മയാണെന്നും, രണ്ട് സിസേറിയൻ കഴിഞ്ഞതാണെന്നും. എന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ പറ്റിയും ഒക്കെ. എന്നാൽ അതൊന്നും പോസിബിൾ അല്ലല്ലോ'', ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ലക്ഷ്മിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് അതിനു ശേഷം വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെയാണ് ലക്ഷ്മി അഭിനയരംഗത്ത് എത്തുന്നത്. അതിനു മുൻപുതന്നെ നർത്തകിയായും അവതാരകയായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമെല്ലാം ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു.