
കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹം പൂർത്തീകരിച്ച സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. സ്വന്തം നാടായ പത്തനാപുരത്താണ് താരം വീടു പണിതിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീടിന്റെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തത്.
അതിലൊരാളായിരുന്നു സീരിയൽ താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ റബേക്ക സന്തോഷ്. റബേക്കയുടെ ഭർത്താവും സംവിധായകനുമായ ശ്രീജിത്ത് വിജയനും ഒപ്പമുണ്ടായിരുന്നു. തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളും ശ്രീജിത്ത് പെങ്ങളെപ്പോലെ കരുതുന്നയാളുമാണ് അമൃതയെന്ന് റബേക്ക പറയുന്നു. ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റബേക്കയും ശ്രീജിത്തും.
''വീട് എന്നു പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. അങ്ങനെയൊരു സ്വപ്നത്തിൽ എത്തി നിൽക്കുകയാണ് അമ്മു ഇപ്പോൾ. വളരെയധികം സന്തോഷമുണ്ട്. തുടക്കം മുതൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞവരാണ് ഞങ്ങളെല്ലാം. ഇതുമായി ബന്ധപ്പെട്ട ദു:ഖങ്ങളും സന്തോഷങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം പങ്കിട്ടവരാണ്. എടീ ഉറങ്ങിയിട്ടില്ല. ആരെങ്കിലും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഇന്നുകൂടി അമ്മ പറഞ്ഞു. അത് അങ്ങനെയാണ്.
നമ്മൾ എന്തെങ്കിലുമൊരു നേട്ടത്തിലേക്ക് എത്തണമെങ്കിൽ അതിന്റേതായ കഷ്ടപ്പാടുകളും കാര്യങ്ങളുമുണ്ട്. ആ ബുദ്ധിമുട്ടുകളെല്ലാം കണ്ടുവന്നവരാണ് ഞങ്ങളെല്ലാവരും. ഇന്നു രാത്രി നീ വളരെ സന്തോഷത്തോടെയായിരിക്കും കിടന്നുറങ്ങുക എന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്. അത് ഉറപ്പുള്ള കാര്യമാണ്. നമ്മൾ ഉണ്ടാക്കിയ നമ്മുടെ സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോൾ കിട്ടുന്ന സമാധാനം ഒന്നു വേറെ തന്നെയാണ്. '', റബേക്ക പറഞ്ഞു.