
നൃത്തവേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. നായിക നായകന്‍ റിയാലിറ്റി ഷോയിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. പ്രണയമാണോ എന്ന് ചോദിച്ചാല്‍ അറേഞ്ച്ഡ് കം ലവ് മാര്യേജ് എന്നേ പറയാന്‍ കഴിയുള്ളൂവെന്നായിരുന്നു വിവാഹത്തെക്കുറിച്ച് മാളവികയും തേജസും പറഞ്ഞത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയാണ് തേജസ്. അതുകൊണ്ടു തന്നെ തന്നെ ആറ് മാസം കടലിലും ബാക്കിയുള്ള ആറ് മാസം നാട്ടിലുമായാണ് തേജസിന്റെ ജീവിതം. ഇപ്പോഴിതാ ആറ് മാസങ്ങൾക്ക് ശേഷം തേജസ് നാട്ടിലെത്തിയ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് മാളവിക.
''ആറ് മാസത്തെ കടൽ ജീവിതത്തിനുശേഷം തേജസേട്ടൻ തിരിച്ച് വന്നിരിക്കുകയാണ്. ഇനി കുറച്ച് മാസങ്ങൾ നമുക്കൊപ്പം ഉണ്ടാകും. അതിന്റെ എക്സൈറ്റ്മെന്റിലാണ്. ഗുൽസു (മകൾ) അച്ഛനെ കാണാൻ പോവുകയാണ്. ഇതുവരെ ഫോട്ടോയിലുള്ള ഒരാളായിരുന്നു ഗുൽസുവിന് അച്ഛൻ. മോൾക്ക് ആറ് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ജോലിക്കായി തേജസേട്ടൻ പോയത്. അതുകൊണ്ട് ഗുൽസുവിന് അച്ഛൻ എന്ന് പറഞ്ഞാൽ ഗണപതി, ശിവൻ, യേശുക്രിസ്തു, കുംഫു പാണ്ട പിന്നെ എന്തെങ്കിലുമൊക്കെ ഫോട്ടോ ഫ്രെയിമൊക്കെയാണ്. വീഡിയോ കോൾ ചെയ്യുമ്പോൾ അച്ഛൻ എന്നൊക്കെ പറയാറുണ്ട്. രാവിലെ തന്നെ ഞാൻ ഒരു ബൊക്കയൊക്കെ ഓര്‍ഡർ ചെയ്തിരുന്നു. തേജസേട്ടൻ വരുമ്പോൾ ബൊക്കെ കൊടുക്കുക എന്നത് എന്റെ ഒരു ചടങ്ങാണ്. അത് എനിക്ക് സന്തോഷമാണ്. മൂപ്പർക്ക് പക്ഷെ അതൊക്കെ ചമ്മലാണ്'', എന്നാണ് മാളവിക വീഡിയോയിൽ പറയുന്നത്.
''ഗുൽസുവിനെ കണ്ടിട്ട് എനിക്ക് അതിശയം തോന്നുന്നു. ഞാൻ ഇവിടെ നിന്ന് പോയപ്പോൾ കിടന്നിടത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നല്ലോ . ഇപ്പോൾ നേരിട്ട് കാണുമ്പോൾ ടാറ്റയൊക്കെ തരാൻ പാകത്തിന് വളർന്നല്ലോ. എന്നെ അവൾ തിരിച്ചറിഞ്ഞു. നിർവൃതിയായി'', എന്നായിരുന്നു തേജസിന്റെ പ്രതികരണം.