
പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും രഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. അമ്മയുമൊന്നിച്ചുള്ള പുതിയ വ്ളോഗിൽ തന്റെ അപ്പൂപ്പനുമായി ബന്ധപ്പെട്ട ഓർമകളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്.
"എന്റെ അപ്പൂപ്പന്റെ ഫേവറെെറ്റ് ആണ് ഞാൻ. അപ്പൂപ്പൻ എന്റെ ഫേവറെെറ്റും. അത്രയും ക്ലോസ് ആണ് ഞങ്ങൾ. കുട്ടിക്കാലത്ത് ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ, സാന്റ ബാർബറ എന്നീ ഷോകൾ കാണാതെ എനിക്ക് ഉറക്കമില്ലായിരുന്നു. ഞാൻ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് അപ്പൂപ്പൻ വന്ന് ചെടി നനയ്ക്കൂ എന്ന് പറയും. ഞാൻ ചെയ്യില്ല. ഒരു ദിവസം അപ്പൂപ്പൻ വന്ന് റിയാക്ട് ചെയ്ത രീതി എനിക്കിഷ്ടപ്പെട്ടില്ല. ഇനി മുതൽ ഞാൻ നിന്നോട് മിണ്ടില്ല, ഉത്തരവാദിത്വമില്ല എന്നൊക്കെ പറഞ്ഞു. കുറേ ചീത്ത പറഞ്ഞു. അന്ന് ഞാനും എന്തൊക്കെയോ പറഞ്ഞെന്ന് തോന്നുന്നു. പിന്നെ ഞങ്ങൾ സംസാരം നിർത്തി. ഏഴാം ക്ലാസിൽ നടന്ന ആ വഴക്ക് കഴിഞ്ഞ് ഞാനും അപ്പൂപ്പനും പിന്നെ സംസാരിക്കുന്നത് കുറേക്കാലം കഴിഞ്ഞാണ്. അച്ഛന്റെ വാശിയാണ് എനിക്ക് കിട്ടിയതെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ വാശിയിൽ ഞാൻ അപ്പൂപ്പനാണ്.
എന്റെ മനസിലെ ദേഷ്യമെല്ലാം പിന്നീട് മാറി. അപ്പൂപ്പന് എന്നെ ഇഷ്ടമാണെന്ന് എനിക്ക് മനസിലായത് മിസ് കേരളയ്ക്ക് ഞാൻ മത്സരിച്ച സമയത്താണ്. കേരള റൗണ്ടിനു വേണ്ടി അപ്പൂപ്പൻ എനിക്ക് നാല് പവന്റെ സ്വർണമാല തന്നു. അദ്ദേഹത്തിന് അത് അത്രയും അഭിമാനമായിരുന്നു. അവർക്കതെല്ലാം ഇഷ്ടമായിരുന്നു'', രഞ്ജിനി ഹരിദാസ് വ്ലോഗിൽ പറഞ്ഞു.