തങ്ങള്‍ക്ക് കുട്ടി പിറന്ന കാര്യം അമൻ ഭൈമിയും ഭാര്യ റീബ റോയിയും അറിയിച്ചിരുന്നു

അമൻ ഭൈമി എന്ന പേരിൽ അറിയപ്പെടുന്ന ആർജെയും നർത്തകനുമായ സ്വാതി സുരേഷിനും ഭാര്യ റീബ റോയിക്കും പെൺകുഞ്ഞ് പിറന്ന വിവരം കഴിഞ്ഞ ദിവസം ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ''അവളിതാ എത്തി'', എന്ന ക്യാപ്ഷൻ നൽകിയാണ് അമൻ ഈ സന്തോഷവാർത്ത അറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ജനനശേഷം ഭാര്യ റീബയെക്കുറിച്ച് അമൻ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

''നീ സഹിച്ച വേദനയ്ക്കും ക്ഷമിച്ച ഓരോ നിമിഷത്തിനും നീ കടന്നുപോയ ഓരോ വികാരത്തിനും ഈ മനോഹരമായ യാത്രയിലുടനീളം നീ കാണിച്ച അവിശ്വസനീയമായ ശക്തിക്കും നന്ദി. നമ്മുടെ കൊച്ചു പെൺകുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി. നീ ഒരു അമ്മയാകുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണ്. എന്റെ പങ്കാളിയോട്, എന്റെ പ്രിയപ്പെട്ടവളോട്, ഇപ്പോൾ നമ്മുടെ കുഞ്ഞിന്റെ ഏറ്റവും സുന്ദരിയായ അമ്മയോട് - എന്നന്നേക്കും ഞാൻ നന്ദിയുള്ളവനാണ്.... വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു... ഞങ്ങൾ ഒരുമിച്ച് ഒരു കുഞ്ഞ് അത്ഭുതത്തെ സ്വാഗതം ചെയ്തു...'', എന്നാണ് അമന്റെ കുറിപ്പ്. റീബയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് അമൻ പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്,

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊല്ലൂ‌ർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു അമന്റെയും റീബയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തിൽ ഇവർക്ക് അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്ന ഒരു മകനുമുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Independence Day