
കേരളത്തിലെ പ്രശസ്തരായ കോണ്ടെന്റ് ക്രിയറ്റർമാരിൽ ഒരാളാണ് സെബിൻ സിറിയക്. വ്യത്യസ്ത രീതിയിലുള്ള മീൻ പിടുത്തവും പാചകവുമൊക്കെയാണ് സെബിന്റെ യൂട്യൂബ് ചാനലിലെ പ്രധാന കോണ്ടെന്റ്. കുറച്ചു വർഷങ്ങളായി ഈ രംഗത്തുള്ള ആളെന്ന നിലയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് സെബിൻ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സെബിന്റെ പ്രതികരണം.
''സോഷ്യൽ മീഡിയയിൽ ആർക്കു വേണമെങ്കിലും എന്തു കോണ്ടെന്റ് വേണമെങ്കിലും പോസ്റ്റ് ചെയ്യാം. പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ല. പത്തു വർഷമായി വളരെ ആക്ടീവ് ആയി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണ് ഞാൻ. കോണ്ടെന്റ് ക്രിയേറ്റ് ചെയ്യുമ്പോൾ അത് വ്യക്തിപരമായി ആരെയെങ്കിലും ബാധിക്കാൻ സാധ്യതയുള്ളതാണോ എന്നാണ് ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന കാര്യം. രണ്ട് സംഭവങ്ങൾ ഉദാഹരണമായി പറയാം. ഒരിക്കൽ ബൈക്കിന്റെ മോഡിഫിക്കേഷന്റെ ഭാഗമായി ഷോറൂമിൽ തന്നെ കൊടുത്ത് ഒരു ആക്സസറി ചെയ്തു. പക്ഷേ അവർക്കൊരു മിസ്റ്റേക്ക് പറ്റി. അതിന്റെ ഇൻഡിക്കേറ്ററുകൾ കൊടുത്തത് മാറിപ്പോയി. ലെഫ്റ്റിനു പകരം റൈറ്റും റൈറ്റിനു പകരം ലെഫ്റ്റും. ഈ വണ്ടിയുമായി ഞാനൊരു 500 കിലോമീറ്റർ പോയി. തിരിച്ചുവന്നപ്പോളാണ് സംഭവം തിരിച്ചറിഞ്ഞത്. ഉടനെ ഷോറൂമിൽ പോയി. ഒരു ക്യാമറയും പൊക്കിപ്പിടിച്ചുകൊണ്ടല്ല ഞാൻ അങ്ങോട്ട് ചെന്നത്. കാര്യം, അവിടെ ഉള്ള ജീവനക്കാരനു പറ്റിയ അബദ്ധമാണ് അത്. ഞാനത് വീഡിയോ എടുത്താൽ അയാൾക്കും ഷോറൂമിനും എന്തു പറ്റുമെന്ന് അറിയില്ല.
രണ്ടാമത്തെ സംഭവം എന്റെ ബോട്ടിൽ നിന്ന് ഒരു ബാറ്ററി കുറച്ചുപേർ അടിച്ചുമാറ്റിക്കൊണ്ടുപോയി. കൃത്യമായ ഫോട്ടോ എവിഡൻസും വീഡിയോയും എന്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നിട്ടും ഞാനാ സംഭവം സോഷ്യൽ മീഡിയയിൽ ഇട്ടില്ല. ഈ രണ്ടു സംഭവവും സോഷ്യൽ മീഡിയയിൽ ഇട്ടാൽ എന്റെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഇട്ടാൽ അത് ഏറ്റവും വലിയ വൈറൽ കണ്ടന്റാകും എന്നെനിക്കറിയാം. കാരണം, ആളുകൾക്ക് നെഗറ്റിവിറ്റി ഇഷ്ടമാണ്. ബാറ്ററി എടുത്ത ആൾക്കെതിരെ ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു. ബൈക്കിന്റെ പ്രശ്നം ഷോറൂമിൽ ചെന്ന് പ്രതികരിച്ചു. ഇതിനു പകരം ക്യാമറ എടുത്തിരുന്നെങ്കിലോ? ഇപ്പോൾ ഒരാൾ ആത്മഹത്യ ചെയ്തിരിക്കുന്നു. തെറ്റ് ചെയ്ത ആളോ, തെറ്റ് ചെയ്യാത്ത ആളോ ആയിക്കൊള്ളട്ടെ, സോഷ്യൽ മീഡിയ അല്ല അത് തീരുമാനിക്കേണ്ടത്'', സെബിൻ സിറിയക് വീഡിയോയിൽ പറഞ്ഞു.