പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ താരം രേണു സുധി

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ ആക്രമണവും യുഎഇ അടക്കമുള്ള സമീപ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണവും പശ്ചിമേഷ്യയെ സംഘര്‍ഷത്തിന്‍റെ മൂര്‍ധന്യത്തിലേക്ക് നയിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം ലോകത്തെയാകെ അശാന്തിയിലേക്കും കൊണ്ടുപോയിരിക്കുന്നു. മാധ്യമങ്ങളില്‍ യുദ്ധ വാര്‍ത്തകള്‍ മാത്രം നിറയുമ്പോള്‍ തനിക്കുള്ള വ്യക്തപരമായ ഒരു ആശങ്കയെക്കുറിച്ച് പറയുകയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം രേണു സുധി വിദേശത്ത് ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. ബഹ്റൈനില്‍ ആയിരുന്നു അത്. ഇറാന്‍ നടത്തുന്ന പ്രത്യാക്രമണം ബഹ്റൈനിലേക്കും നീണ്ടിരുന്നു. താന്‍ പോയതിന് സമീപസ്ഥമായ സ്ഥലത്തും ഇറാന്‍റെ മിസൈല്‍ പതിച്ചെന്ന് രേണു സുധി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

രേണു സുധി പറയുന്നു

“ഇന്നലെയാണ് ഞാന്‍ അത് അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഡൌണ്‍ ആണ്. ഞാന്‍ ഉദ്ഘാടനത്തിന് പോയ ഹൂറ എക്സിബിഷന്‍ റോഡിന് തൊട്ടടുത്ത്, പരിചയക്കാര്‍ താമസിക്കുന്നതിന് അടുത്താണ് ഒരു മിസൈല്‍ വന്ന് വീണതും കത്തുന്നതുമൊക്കെ. വലിയ സ്ഫോടനം ആയിരുന്നു. അത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി. കാരണം എനിക്ക് അറിയാവുന്നവരാണ് അവിടെ ഉള്ളവര്‍ എല്ലാം. ആര്‍ക്കും ഒന്നും വരുത്തല്ലേ എന്നാണ് പ്രാര്‍ഥന. ആര്‍ക്കും ഇതുവരെ ഒരു ആപത്തും വന്നിട്ടില്ല. ദൈവത്തിന് ഒരുപാട് നന്ദി. എന്‍റെ എല്ലാ പ്രാര്‍ഥനയും ഉണ്ടാവും. ലോകത്തുള്ള എല്ലാ മലയാളികളുടെയും പ്രാര്‍ഥന ഉണ്ടാവണം. യുദ്ധം അവസാനിക്കട്ടെ. സമാധാനം വരട്ടെ. യുദ്ധം എന്നത് ആര്‍ക്കും സന്തോഷിക്കാന്‍ പറ്റുന്ന ഒന്നല്ല. കാരണം ഒരുപാട് പേരുടെ കണ്ണീരാണ് അത്. നമ്മുടെ പ്രവാസികളൊക്കെ പേടിച്ച് കഴിയുകയാണ് സത്യം പറഞ്ഞാല്‍. അത് കണ്ടിട്ട് എനിക്ക് വിഷമമാണ് തോന്നുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. നമുക്ക് ഇവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ഥിക്കാനേ സാധിക്കൂ. എല്ലാം ശാന്തമാവട്ടെ. പഴയതുപോലെ എല്ലാവര്‍ക്കും ഹാപ്പി ആയി ഇരിക്കാനുള്ള സാഹചര്യം വരട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ”, രേണു സുധി പറയുന്നു.