
കാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ നടി സീമ ജി നായർ. അവസാന നിമിഷം വരെയും നീ ചിരിച്ചുകൊണ്ട് എല്ലാത്തിനെയും നേരിട്ടയാളായിരുന്നു അവനെന്ന് നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ ഫെയ്സ്ബുക്കിൽ സീമ പറയുന്നു.
''ഇന്ന് നന്ദുട്ടന്റെ പിറന്നാള്‍ (നന്ദു മഹാദേവ).. ഒരായിരം ആശംസകളും, സമ്മാനങ്ങളും നിന്നെ തേടിയെത്തുന്ന ദിവസം, അറിവും, ആയുരാരോഗ്യ സൗഖ്യവും ആവോളം നിനക്ക് കിട്ടട്ടെയെന്ന് എല്ലാവരും ആശംസിക്കുന്ന ദിനം. നിന്റെ സങ്കടങ്ങളെയും, വേദനകളെയും മാറ്റി വെച്ച്, മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ നീ ഓടി നടന്നു, പക്ഷേ, വിധി നിനക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു.. അവസാന നിമിഷം വരെയും നീ ചിരിച്ചുകൊണ്ട് എല്ലാത്തിനെയും നേരിട്ടു.. ഇന്ന് ശ്രീകൃഷ്ണ ജയന്തിയും കൂടിയാണ്.. എന്റെ നന്ദു എന്നെ വിളിക്കുന്നത് യശോദാമ്മ എന്നായിരുന്നു.. ഇന്ന് തന്നെ നിന്റെ ജന്മദിനം വന്നത് യാദൃശ്ചികം ആയിരിക്കും.. ഈ യശോദാമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദുട്ടന്‍ ഇന്ന് ഏതോ ലോകത്തിരുന്നു കുറച്ച് പ്രിയപ്പെട്ടവരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാവും.. Happy birthday nandutta'', എന്നാണ് സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
നാലു വർഷത്തോളമായി ക്യാൻസറിനോട് പൊരുതിയതിനൊടുവിൽ ആയിരുന്നു നന്ദുവിന്റെ വിയോഗം. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന നന്ദു 27-ാമത്തെ വയസിൽ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം ആയിരുന്നു നന്ദുവിന്റേത്. കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.