'വെറുത്തിരുന്നവർ പോലും എന്നെ ഇഷ്ടപ്പെട്ടു തുടങ്ങി..'; അഗ്നിപരീക്ഷാ അനുഭവം പങ്കുവെച്ച് അഖിൽ മാരാർ

Published : Sep 04, 2026, 05:57 PM IST
Akhil Marar

Synopsis

ബിഗ് ബോസ് 'അഗ്നിപരീക്ഷ'യിലെ ജഡ്ജിംഗ് അനുഭവം അഖിൽ മാരാർ പങ്കുവെച്ചു. തുടക്കത്തിൽ പല മത്സരാർത്ഥികളും തന്നെ വെറുത്തിരുന്നുവെങ്കിലും, പരിപാടി അവസാനിച്ചപ്പോഴേക്കും അടുത്തറിഞ്ഞ് ഇഷ്ടം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബിഗ്ബോസ് മലയാളം സീസൺ 8 നു മുന്നോടിയായുള്ള അഗ്നിപരീക്ഷയിലെ ജ‍ഡ്‍ജിങ്ങ് പാനൽ അനുഭവം പങ്കുവെച്ച് അഖിൽ മാരാർ. അഗ്നിപരീക്ഷയുടെ തെലുങ്ക് പതിപ്പ് കാണാൻ തന്നോട് പറഞ്ഞിരുന്നെങ്കിലും അത് കണ്ടില്ലെന്നും കണ്ടാൽ അറിയാതെയെങ്കിലും സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അഖിൽ മാരാർ പറയുന്നു. ബിഗ് ബോസിൽ മത്സരിക്കുന്നതിനു മുൻപും താൻ ഷോ കണ്ടിട്ടില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

''അഗ്നിപരീക്ഷയുടെ ആദ്യ രണ്ട് മൂന്ന് ദിവസങ്ങളിൽ ഞാൻ അധികം ഇടപെടാതെ സൈലന്റായിരുന്നു. ഇടപെടേണ്ട വിഷയങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്നു. പിന്നീട് മത്സരാർഥികളെ അടുത്തറിയാൻ തുടങ്ങി. തുടക്കത്തിൽ എന്നെ ഇഷ്ടപ്പെടാത്ത നിരവധി മത്സരാർഥികൾ ഉണ്ടായിരുന്നു. എന്നെ ശക്തമായി എതിർത്തവരും കൂട്ടത്തിലുണ്ടായിരുന്നു. “I hate Akhil Marar” എന്ന് തങ്ങളുടെ പ്രൊഫൈലിൽ എഴുതിവച്ചിരുന്ന മത്സരാർഥികൾ പോലുമുണ്ടായിരുന്നു. എന്നാൽ അഗ്നിപരീക്ഷയുടെ ഫിനാലെയെത്തിയപ്പോഴേക്കും കാര്യങ്ങൾ മാറി. മുൻപ് എന്നെ ശക്തമായി എതിർത്തിരുന്ന ചിലർ പിന്നീട് അടുത്തെത്തി സംസാരിക്കുകയും “അഖിലേട്ടാ, നിങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്, ഇപ്പോഴാണ് നിങ്ങളെ തിരിച്ചറിഞ്ഞത്” എന്ന് പറയുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഒരാളെക്കുറിച്ച് രൂപപ്പെടുന്ന ധാരണയും നേരിട്ട് പരിചയപ്പെടുമ്പോൾ മനസിലാകുന്ന വ്യക്തിത്വവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സോഷ്യൽ മീഡിയയിൽ നന്മമരങ്ങളായി അഭിനയിക്കുന്ന പലരും യഥാർഥത്തിൽ അങ്ങനെയല്ല. നേരിട്ട് അടുത്തറിയുമ്പോൾ അവർ ഗജഫ്രാഡുകളാണെന്ന് നിങ്ങൾക്ക് തോന്നും. ഞാൻ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നന്മമരം ചമയുന്ന ഒരാളല്ല. പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് എനിക്ക്. അതുകൊണ്ടു തന്നെയാണ് പലർക്കും എന്നോട് വിയോജിപ്പ്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ​ഗർഭിണി ആയാൽ എന്താണ് കുഴപ്പം'; കമന്റുകൾക്ക് മറുപടിയുമായി അനുമോൾ
'കതകു പുരാണം കേട്ട് മടുത്തിട്ടുണ്ട്, ഒരിക്കലും അടയാത്ത കതക്..'; അച്ഛനെക്കുറിച്ച് അഭയ ഹിരൺമയി