
ഏതാനും നാളുകൾക്ക് മുൻപായിരുന്നു മലയാളം സീരിയൽ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി നടൻ സിദ്ധാർത്ഥ് വേണുഗോപാൽ വിടപറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു സിദ്ധാർത്ഥ്. നടന്റെ ചികിത്സാകാര്യങ്ങൾക്കെല്ലാം ഓടി നടന്നത് നടി സീമ ജി നായർ ആയിരുന്നു. സിദ്ധാർത്ഥ് വിട പറഞ്ഞ് അഞ്ച് ദിവസം പിന്നിടുമ്പോൾ മനമുലഞ്ഞൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ.
"പ്രിയപ്പെട്ട സിദ്ധൂ നീ പോയിട്ട് ഇന്നേക്ക് അഞ്ചുനാൾ.. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത്.. അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു.. നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.. ഇന്നലെ ഐവർമഠത്തിൽ നിന്റെ അസ്ഥികൾ എടുത്തു വെക്കാൻ ചെന്നപ്പോൾ, നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടു വന്നു.. മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ, അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു.. ഒരിടത്തു ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം, തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീർത്തു കളയുന്നവരും.. എന്താ അല്ലെ", എന്നാണ് സീമ ജി നായർ കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ദൈവത്തെ കണ്ടിട്ടുണ്ടോ എന്നു പലരും നമ്മോടു ചോദിക്കാറുണ്ട്, കളിയാക്കി പറയാറുണ്ട്. എന്റെ കാഴ്ചപ്പാടിൽ ഈശ്വരന്റെ പ്രധിനിധികൾ ഭൂമിയിൽ ജന്മം കൊള്ളാറുണ്ട്. അതിൽ ഒരാളാണ് സീമ ജി നായർ, സീമ ചേച്ചിയുടെ. ചെറിയ കൈകളും വലിയ വലിയ മനസും. ഒരുപാട് പേരുടെ ഹൃദയത്തിൽ തട്ടുന്നുണ്ട്, മാഡം നല്ലത് ചെയ്തു പക്ഷേ ദൈവം പരീക്ഷിച്ചു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഏപ്രിൽ 17ന് ആയിരുന്നു സിദ്ധാർത്ഥ് വേണുഗോപാൽ അന്തരിച്ചത്. ന്യൂറോ എൻഡോക്രൈൻ കാർസിനോമ എന്ന കാൻസറിയിരുന്നു. മരണ വിവരം സീമ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. "കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു", എന്നായിരുന്നു അന്ന് സീമ കുറിച്ചത്.