താൻ സിബി മലയിലിന്റെ വലിയ ആരാധികയാണെന്നും, അദ്ദേഹത്തെക്കുറിച്ചല്ല ആ പരാമർശം നടത്തിയതെന്നും പേളി വ്യക്തമാക്കി. Pearle Maaney clarifies on her post about calling Sibi Malayil 'a failed director'
പേളി മാണിയുടെ സിജെപി പ്രതിഷേധത്തിനെതിരായ വിവാദ പോസ്റ്റിന് പിന്നാലെ താരം ഇൻസ്റ്റയിൽ പങ്കുവച്ച സ്റ്റോറിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിമർശനത്തോടും പ്രതികരിച്ചിരുന്നു. ഇതിൽ പേളി എഴുതിയ 'പരാജയപ്പെട്ട സംവിധായകൻ' എന്ന വാചകം സിബി മലയിലിന്റെ ഉദ്ദേശിച്ച് എഴുതിയതാണെന്ന തരത്തിൽ അദ്ദേഹത്തിന്റെ മകൻ വീണ്ടും പേളിക്കെതിരെ രംഗത്തെത്തിയിരുന്നു. പേളി സിബി മലയിലിനെ പരാജയപ്പെട്ട സംവിധായകൻ എന്ന് വിളിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് ഇതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പേളി മാണി.
താൻ സിബി മലയിലിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് എന്നും പേളി വ്യക്തമാക്കി. പോസ്റ്റിട്ട ആളെയാണ് താൻ പരാജയപ്പെട്ട സംവിധായകനെന്ന വിളിച്ചതെന്നും, അത് വലിയ തെറ്റായാണെന്നും പറഞ്ഞ പേളി താൻ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്നും സിബി മലയിലിന്റെ മകനോട് മാപ്പ് ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. യൂട്യൂബിൽ പങ്കുവച്ച വിശദീകരണ വീഡിയോയിലാണ് പേളിയുടെ പ്രതികരണം.
"ഞാന്‍ ആ പോസ്റ്റിട്ടയാളെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. നമ്മളാരും അല്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അയാം സോറി. ഈ പോസ്റ്റ് ഇട്ട സമയത്ത് അദ്ദേഹം വേറൊരു സ്‌റ്റോറിയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാന്‍ പറഞ്ഞതെന്നാണ്." പേളി പറയുന്നു.
"അദ്ദേഹത്തിന്റെ അച്ഛന്‍ ഒരേയൊരു സിബി മലയിലാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മലയാളികളെല്ലാം. ഇതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു എഴുതിയത്. വാര്‍ത്താ മാധ്യമങ്ങള്‍ അത് ക്ലാരിഫൈ ചെയ്യാതെ എടുത്തിടുകയാണ്. ഞാന്‍ പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെയാണ്. അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു? ഇത് ഞാന്‍ എങ്ങനെ തിരുത്തും? എന്നെനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇനി ഒന്നും ഇടുന്നില്ലെന്ന് കരുതി മിണ്ടാതിരുന്നു. സത്യം അറിയിക്കാനാണ് ഈ വിഡിയോ. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. കാരണം അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹം ഇത് കാണുന്നുണ്ടെങ്കില്‍, ഐ ലവ് യു. ഞാന്‍ നിങ്ങളുടെ വലിയൊരു ആരാധികയാണ്." പേളി കൂട്ടിച്ചേർത്തു.



