
സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസറും കോണ്ടെന്റ് ക്രിയേറ്ററുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് മലയാളികളിൽ പലർക്കും സൗഭാഗ്യയെ പരിചയം. യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം തിരുവനന്തരപുരത്താണ് സൗഭാഗ്യ താമസിക്കുന്നത്. നായ്ക്കളും പശുക്കളുമടക്കം നിരവധി വളർത്തുമൃഗങ്ങളും ഇവരുടെ വീട്ടിലുണ്ട്.
പുതിയതായി താമസം മാറിയ വാടകവീട്ടിലെ ദൈനംദിനജോലികൾ ചെയ്യുന്ന വീഡിയോ അടുത്തിടെയായി സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഏറ്റവുമൊടുവിൽ പോസ്റ്റ് ചെയ്ത വീഡിയോയും അത്തരത്തിൽ ഉള്ളതാണ്. ''ചിരിച്ചുകൊണ്ട് ജോലി ചെയ്യണമെന്നുണ്ട് പക്ഷേ മറന്നുപോകും. വീഡിയോയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യണം'', എന്നാണ് വീഡിയോയ്ക്കൊപ്പം താരം ക്യാപ്ഷനായി കുറിച്ചത്. അടുക്കളപ്പണികളും വീടും പരിസരവും വൃത്തിയാക്കുന്നതും മുതൽ പശുക്കൾക്കും മറ്റു മൃഗങ്ങൾക്കും തീറ്റ നൽകുന്നതും അവയുടെ കൂടുകൾ വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം. ഭർത്താവ് അർജുനും ജോലികൾ ചെയ്യാൻ ഒപ്പമുണ്ട്.
''എന്റെ കുഞ്ഞ് ഒരുപാട് ജോലികൾ ചെയ്യുന്നു'', എന്നാണ് വീഡിയോയ്ക്കു താഴെ സൗഭാഗ്യയുടെ അമ്മ താര കല്യാൺ കുറിച്ചത്. ''2025 ലെ കർഷകശ്രീ അവാർഡ് ചേച്ചിക്കുള്ളതാണ്'' എന്നാണ് മറ്റൊരു കമന്റ്. ''കുടുംബത്തോടും സ്വന്തം ജോലിയോടും ഇത്രയും സമർപ്പണം ഉള്ള, സിംപിൾ ആയിട്ടുള്ള ഒരു സെലിബ്രിറ്റിയാണ് സൗഭാഗ്യ'', എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതേസമയം, വീട്ടുജോലികൾ ചെയ്യുന്ന വീഡിയോകൾ നിരന്തരം പങ്കുവെയ്ക്കുന്നതിനു പിന്നാലെ എന്തുകൊണ്ട് ഒരു ജോലിക്കാരിയെ വെക്കുന്നില്ല, അത്രക്കും സമ്പന്നരല്ലേ സൗഭാഗ്യയും താര കല്യാണും എന്നാണ് പ്രേക്ഷകരിൽ ചിലർ ചോദിക്കുന്നത്.